ന്യൂഡൽഹി: ഡൽഹിയിലേക്കുള്ള മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ക്ഷണം സ്വീകരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. കഴിഞ്ഞ ദിവസം ഗുവാഹത്തിയിൽ നടന്ന റാലിക്കിടെയാണ് അരവിന്ദ് കെജ്രിവാൾ ഹിമന്ത ബിശ്വ ശർമ്മയെ ഡൽഹിയിലേക്ക് ക്ഷണിക്കുകയാണെന്ന് പ്രസംഗിച്ചത്. ഡൽഹിയിലേക്ക് വരികയാണെങ്കിൽ അത്ഭുതകരമായ വികസനം കാണിച്ചു തരാമെന്നാണ് അരവിന്ദ് കെജ്രിവാൾ പറഞ്ഞത്.
‘ഞാൻ ഹിമന്ത ബിശ്വ ശർമ്മയെ ഡൽഹിയിലെ എന്റെ വീട്ടിലേക്ക് ചായ കുടിക്കാൻ ക്ഷണിക്കുകയാണ്. അദ്ദേഹത്തിന് സമയം ഉണ്ടെങ്കിൽ എന്നോടൊപ്പം ഭക്ഷണം കഴിക്കൂ. നഗരം ചുറ്റി കാണാൻ പോകുമ്പോൾ ഇവിടെയെല്ലാം ഞങ്ങൾ ചെയ്ത അത്ഭുതകരമായ വികസന പ്രവർത്തനങ്ങൾ കാണിച്ചു തരാമെന്നും” കെജ്രിവാൾ പറഞ്ഞിരുന്നു. തന്റെ ഒരു നിബന്ധന അംഗീകരിക്കുകയാണെങ്കിൽ താൻ തീർച്ചയായിട്ടും ഡൽഹിയിലേക്ക് വരാമെന്നാണ് ഹിമന്ത ബിശ്വ ശർമ്മ ഇതിന് മറുപടിയായി പറഞ്ഞത്.
” അസമിൽ നിന്ന് ഒന്നല്ല അൻപത് പേരെ അയക്കാൻ ഞാൻ തയ്യാറാണ്. അവരിൽ മാദ്ധ്യമപ്രവർത്തകരും ഉണ്ടാകും. കെജ്രിവാൾ ഇവർ എല്ലാവരുമൊത്ത് ഡൽഹി ചുറ്റിക്കറങ്ങണം. പക്ഷേ ഒരൊറ്റ നിബന്ധനയുണ്ട്. കെജ്രിവാൾ പറയുന്ന സ്ഥലത്തേക്കല്ല. ഞങ്ങൾ പറയുന്ന സ്ഥലത്തേക്ക് ഞങ്ങളെ കൊണ്ടു പോകണം.
ഡൽഹിയിലെ 60 ശതമാനം ആളുകളും നരകത്തിലാണ് ജീവിക്കുന്നത്. അസമിൽ 95 ശതമാനം ആളുകളും സ്വർഗത്തിലാണ് ജീവിക്കുന്നത്. ഡൽഹി നിയമസഭയിൽ അദ്ദേഹം എനിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ നിയമങ്ങളുടെ ചട്ടക്കൂടുകൾക്കുള്ളിൽ നിന്ന് കൊണ്ട് എനിക്ക് അതിന് മറുപടി പറയാനാകില്ല. പക്ഷേ അതേ ആരോപണങ്ങൾ സഭയ്ക്ക് പുറത്ത് ഉന്നയിക്കാൻ ഞാൻ അദ്ദേഹത്തെ വെല്ലുവിളിക്കുകയാണ്. എങ്കിൽ അടുത്തത് ഞങ്ങൾ കോടതിയിലായിരിക്കും കാണുന്നത്.
ഗുവാഹത്തിയിൽ വന്നിട്ടും അദ്ദേഹത്തിന് എനിക്കെതിരെ ഒന്നും പറയാൻ ധൈര്യം ഉണ്ടായിരുന്നില്ല. കാരണം ആരോപണങ്ങളിൽ കഴമ്പില്ലെന്ന് കെജ്രിവാളിന് തന്നെ അറിയാവുന്നതാണെന്നും” ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
Discussion about this post