കാബൂൾ: അഫ്ഗാനിസ്ഥാനിലേക്ക് വിനോദ യാത്രയ്‌ക്കെത്തിയ യുവാവിനെ പിടികൂടി താലിബാൻ. ബ്രിട്ടീഷ് പൗരനായ മൈൽസ് റൂട്ട്‌ലെഡ്ജ് എന്നയാളെയാണ് താലിബാന്റെ സുരക്ഷാ സേന അറസ്റ്റ് ചെയ്തത്. 23 കാരനായ ഇയാളോടൊപ്പം കെവിൻ എന്ന ഒരു ഡോക്ടറേയും പേര് വെളിപ്പെടുത്താത്ത ഒരു ഹോട്ടൽ മാനേജരേയും പിടികൂടിയിട്ടുണ്ട്.
ലോകത്തിലെ അപകടസാധ്യതയുള്ള രാജ്യങ്ങളിലേക്കും നഗരങ്ങളിലേക്കും സാഹസിക യാത്ര നടത്തുന്ന ഡെയ്ഞ്ചർ ടൂറിസ്റ്റാണ് മൈൽസ് എന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം അഫ്ഗാനിസ്ഥാന്റെ ഭരണം താലിബാൻ പിടിച്ചെടുത്ത സമയം മൈൽസിനെ ബ്രിട്ടീഷ് സൈന്യം സ്വന്തം രാജ്യത്തെത്തിച്ചിരുന്നു. ഇവിടെ നിന്നും വീണ്ടും ഇയാൾ അഫ്ഗാനിസ്ഥാനിലേക്ക് തിരിക്കുകയായിരുന്നുവെന്നാണ് വിവരം. സ്വയം കണ്ടെത്താനാണ് താൻ അഫ്ഗാനിസ്ഥാനിലേക്ക് പോയതെന്ന് മൈൽസ് തന്റെ മാതാവിനോട് വെളിപ്പെടുത്തി. പ്രദേശത്ത് തമ്പടിച്ചിരുന്ന ഭീകരരോടൊപ്പമായിരുന്നു യുവാവിന്റെ കുറേക്കാലത്തെ സഹവാസമെന്നാണ് റിപ്പോർട്ട്.
അതേസമയം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയതിനാലാണ് യുവാവിനെ അറസ്റ്റ് ചെയ്തതെന്ന് താലിബാൻ വ്യക്തമാക്കി. ഇയാളെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നാണ് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സുവെല്ല ബ്രാവർമാൻ വ്യക്തമാക്കിയത്. മൈൽസിന്റെ മോചനുമായി ബന്ധപ്പെട്ട് താലിബാനുമായി ബ്രീട്ടീഷ് സർക്കാർ ചർച്ച നടത്തുകയാണെന്ന് അവർ വ്യക്തമാക്കി.ലോകത്തെ അപകടകരമായ മേഖലകളിലേക്ക് യാത്ര ചെയ്യുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര സെക്രട്ടറി കൂട്ടിച്ചേർത്തു.
Discussion about this post