ശാസ്താംകോട്ട: മുറിക്കുള്ളില്‍ കടന്ന തെരുവുനായ പകല്‍ ഉറങ്ങുകയായിരുന്ന വയോധികയുടെ മുഖം കടിച്ചുകീറി. മുഖത്ത് 15 തുന്നലുകളിടേണ്ടിവന്ന അവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ശൂരനാട് വടക്ക് ആനയടി സംഗമം ജങ്ഷന് സമീപം പാലയില്വീട്ടില് വസുമതി(68)യെയാണ് തെരുവുനായ കടിച്ചത്. കഴിഞ്ഞദിവസം ഉച്ചയോടെയായിരുന്നു സംഭവം. നിര്‍ധനയായ വസുമതിയും സഹോദരി സുഭദ്രയും മാത്രമാണ് വീട്ടില്‍ താമസം. വസുമതി മുറിക്കുള്ളില്‍ ഉച്ചമയക്കത്തിലായതിനാല് കതക് അടയ്ക്കാതെ സുഭദ്ര അയല്‍വീട്ടിലേക്ക് പോയി.
അതിനിടെ തുറന്നുകിടന്ന വാതിലിലൂടെ തെരുവുനായ മുറിക്കുള്ളില്‍ കടന്ന് മുഖത്ത് കടിക്കുകയായിരുന്നു. കിടക്കുകയായിരുന്നതിനാലും മുഖത്ത് കടിയേറ്റതിനാലും തുടക്കത്തില്‍ അവര്‍ക്ക് പ്രതിരോധിക്കാനും നിലവിളിക്കാനും കഴിഞ്ഞില്ല.
നായ പുറത്ത് പോയശേഷമാണ് വസുമതിയുടെ നിലവിളികേട്ടെത്തിയവര്‍ രക്തത്തില്‍ കുളിച്ചുകിടന്ന അവരെ കൊല്ലം ജില്ലാആശുപത്രിയിലും പിന്നീട് തിരുവവന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടിച്ചുകീറിയ കവിള് തുന്നിച്ചേര്‍ത്തിരിക്കുകയാണ്. ഒരു വരുമാനവുമില്ലാത്ത അവരുടെ ചികിത്സയ്ക്കുള്ള ചെലവ് നാട്ടുകാര്‍ പിരിച്ചാണ് നല്‍കിയത്.
Discussion about this post