ചണ്ഡീഗഡ്: ജയിൽ മോചിതനായതിന് പിന്നാലെ ജയിലിലെ കുറവുകൾ എണ്ണിപ്പറഞ്ഞ് കോൺഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ധു. ജയിലിൽ മതിയായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലെന്നും ജാമ്മറുകൾ എല്ലാം പഴയതായെന്നുമാണ് സിദ്ധുവിന്റെ ആരോപണം. ജയിൽ സംവിധാനം മികച്ചതല്ലാത്തതിനാലാണ് സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നത് എന്നും സിദ്ധു പറഞ്ഞു.
10 രൂപ വിലയുള്ള സർദ ( അരിയും മധുരവും ചേർത്തുണ്ടാക്കുന്ന പ്രത്യേക ഭക്ഷണം) പഞ്ചാബിലെ ജയിലിനുള്ളിൽ രണ്ടായിരം രൂപയ്ക്കാണ് നൽകുന്നത്. മൊബൈൽ ജാമ്മറുകൾ ഏറെ പഴയതാണ്. ഇന്ന് ഏതൊരാളുടെയും കയ്യിൽ 5ജി ഫോണുകളുണ്ട്. എന്നാൽ ഇവിടുത്തെ ജാമ്മറുകൾ 2ജി സാങ്കേതിക വിദ്യയിൽ ഉള്ളതാണ്. പഞ്ചാബിലെ ജയിലുകളിൽ മതിയായ സംവിധാനങ്ങൾ ഇല്ലാത്തതാണ് കുറ്റകൃത്യങ്ങൾ കൂടുതലാകാൻ കാരണമെന്നും സിദ്ധു ആരോപിച്ചു.
കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട സിദ്ധു പട്യാല ജയിലിലാണ് കഴിഞ്ഞിരുന്നത്. 10 മാസമായിരുന്നു ഇവിടെ കോൺഗ്രസ് നേതാവ് തടവിൽ കഴിഞ്ഞത്. തർക്കത്തിനിടെ പട്യാല സ്വദേശിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒരു വർഷത്തേക്ക് ആയിരുന്നു സിദ്ധുവിനെ കോടതി ശിക്ഷിച്ചത്. എന്നാൽ നല്ല പെരുമാറ്റത്തെ തുടർന്ന് ശിക്ഷ പൂർത്തിയാകാൻ രണ്ട് മാസം ബാക്കി നിൽക്കേ തന്നെ അദ്ദേഹത്തെ മോചിതനാക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ജയിൽ മോചിതനായ സിദ്ധു തിങ്കളാഴ്ച കോൺഗ്രസ് നേതാവും ഗായകനുമായ സിദ്ധു മൂസേവാലയുടെ വീട് സന്ദർശിച്ചിരുന്നു. ഇവിടെവച്ച് മാദ്ധ്യമങ്ങളോട് ആയിരുന്നു സിദ്ധുവിന്റെ പ്രതികരണം. ആംആദ്മി സർക്കാർ ക്രമസമാധാന പാലനത്തിൽ പൂർണ പരാജയം ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Discussion about this post