ന്യൂഡൽഹി: കൊടും കുറ്റവാളി ദീപക് ബോക്‌സറിനെ അറസ്റ്റ് ചെയ്ത് ഡൽഹി പോലീസ്. രാജ്യംവിട്ട ഇയാളെ മെക്‌സികോയിൽ നിന്നാണ് പോലീസ് പിടികൂടിയത്. അടുത്തി ദിവസം ഇയാളെ ഡൽഹിയിൽ എത്തിക്കും.
ഡൽഹിയിൽ നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള കൊടും കുറ്റവാളിയാണ് ദീപക് ബോക്‌സർ. വലിയ തലവേദനയായ ഇയാളെ പിടികൂടി ജയിലിൽ അടയ്ക്കാൻ പോലീസ് തീരുമാനിച്ചു. എന്നാൽ ഇതിനായുള്ള ശ്രമങ്ങൾക്കിടെ വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ച് ഇയാൾ രാജ്യം വിടുകയായിരുന്നു.
ദീർഘനാൾ നടത്തിയ അന്വേഷണത്തിലും ഇയാളെക്കുറിച്ച് വിവരം ലഭിക്കാതിരുന്നതോടെ ഡൽഹി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയായിരുന്നു. ഇതിനിടെ ഇക്കഴിഞ്ഞ ഡിസംബറിൽ ഇയാൾ മെക്‌സികോയിൽ എത്തിയതായി ഡൽഹി പോലീസിന് വിവരം ലഭിച്ചു. തുടർന്ന് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവസ്റ്റിഗേഷന്റെ സഹായം തേടുകയായിരുന്നു.
മൊറാദാബാദ് സ്വദേശിയായ രവി അന്റിലിന്റെ സഹായത്തോടെയാണ് ദീപക് വ്യാജ പാസ്‌പോർട്ട് സംഘടിപ്പിച്ചത് എന്ന് പോലീസ് പറഞ്ഞു. ഇതിന് ശേഷം ബംഗാളിലേക്ക് കടന്ന ദീപക് കൊൽക്കത്ത വിമാനത്താവളത്തിൽ നിന്നാണ് മെക്‌സികോയിലേക്ക് കടന്നത്.
ഗോജി ഗ്യാംഗ് എന്നാണ് ദീപക് ബോക്‌സറിന്റെ സംഘം അറിയപ്പെട്ടിരുന്നത്. 2022 സെപ്തംബറിൽ ഡൽഹി സ്വദേശിയായ കോൺട്രാക്ടറെ കൊലപ്പെടുത്തിയതിനും, അതേ വർഷം ഓഗസ്റ്റിൽ പ്രമുഖ വ്യാപാരിയെ കൊലപ്പെടുത്തിയതിനും ദീപകിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Discussion about this post