കേരളത്തിലെ ദേവീ ക്ഷേത്രങ്ങളിൽ ഏറെ പ്രധാനമാണ് തിരുവനന്തപുരം ജില്ലയിലെ ശാർക്കര ദേവീക്ഷേത്രം. ഏത് ആപത്തിലും തുണയാകുന്ന ദേവിയെന്നാണ് ശാർക്കര ദേവി അറിയപ്പെടുന്നത്. ആദിപരാശക്തിയും ജഗദംബികയുമായ ശ്രീ ഭദ്രകാളി ആണ് ഇവിടുത്തെ പ്രതിഷ്ഠ. കാളിയൂട്ട് മഹോത്സവമാണ് ഇവിടുത്തെ പ്രധാന പ്രത്യേകത. 1748 ൽ ആണ് ആദ്യമായി തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന അനിഴം തിരുനാൾ മാർത്താണ്ഡ വർമ്മ കാളിയൂട്ട് നടത്തിയത്.
തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിൽ ആണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കൊല്ലത്തു നിന്നും തിരുവനന്തപുരത്തേക്കുള്ള പ്രധാന പാതയായ പെരുവഴിയിലാണ് ശാർക്കര പ്രദേശത്തിന്റെ സ്ഥാനം. ഒരിക്കൽ ചലച്ചിത്ര താരം പ്രേം നസീർ ഇവിടെ ഒരു ആനയെ നടയിരുത്തിയിരുന്നു. അതോടെ ക്ഷേത്രം നാനാജാതി മതസ്ഥരുടെ ശ്രദ്ധ നേടി.
ക്ഷേത്രത്തിലെ ദേവിപ്രതിഷ്ടയുമായി ബന്ധപ്പെട്ട് മനോഹരമായ ഒരു കഥയുണ്ട്. ഈ പ്രദേശത്ത് വഴിയാത്രക്കാർക്ക് വിശ്രമിക്കുന്നതിനായി വഴിയമ്പലമുണ്ട്. കാലങ്ങൾക്ക് മുൻപ് റാ പ്രദേശത്ത് കൂടി യാത്രനടത്തിയ വ്യാപാരികൾ വിശ്രമമെല്ലാം കഴിഞ്ഞു യാത്രപുറപ്പെടാൻ നോക്കുമ്പോൾ അവർ കൊണ്ടുവന്ന ശർക്കരപാത്രം എടുക്കാൻ കഴിയാതെ അവിടെ ഉറച്ചിരിക്കുന്നതായി കണ്ടു.
ശർക്കരപാത്രം ഇല്ലാതെ വ്യാപാരികൾക്ക് യാത്ര തുടരുവാൻ കഴിയുമായിരുന്നില്ല. ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്തുന്നതിനായി കൃഷ്ണഭക്തൻ വില്വമംഗലത്തു സ്വാമിയാർ അവിടെ എത്തി. അദ്ദേഹം ശർക്കരപ്പാത്രത്തിൽ ദേവീ ചൈതന്യമുണ്ടെന്നു മനസിലാക്കി. തുടർന്ന് ആ ചൈതന്യത്തെ ശർക്കരപ്പാത്രത്തിനുള്ളിൽ നിന്നും മാറ്റി പ്രതിഷ്ഠിച്ച ശേഷമാണു അദ്ദേഹം പോയത്. അതിനു ശേഷമാണു വ്യാപാരികൾക്ക് യാത്ര തുടരുവാനായതും.
ഇത്തരത്തിൽ ശർക്കരകുടങ്ങളിൽ നിന്നും വില്വമംഗലത്തു സ്വാമിയാർ മാറ്റി പ്രതിഷ്ഠിച്ച ദേവി ചൈതന്യം പിന്നീട് ശാർക്കര ദേവിയായി മാറി എന്നാണ് ഐതിഹ്യം പറയുന്നത്. മാറ്റി പ്രതിഷ്ഠിച്ച ചൈതന്യത്തിനു ക്ഷേത്രം അനിവാര്യമായിരുന്നു . ആയതിനാൽ തിരുവിതാംകൂർ രാജാക്കന്മാരുടെ സഹായത്തോടെ ദേവിക്ഷേത്രം നിർമ്മിക്കുകയും അവിടുത്തെ പ്രതിഷ്ഠ ശാർക്കര ദേവിയായും ക്ഷേത്രം ശാർക്കര ദേവീക്ഷേത്രമായും അറിയപ്പെട്ടു.
Discussion about this post