പത്തനംതിട്ട: ബക്കറ്റിലെ തുണി മാറ്റി നോക്കുമ്പോൾ കുഞ്ഞിന് ജീവൻ ഉണ്ടെന്നുകണ്ട് ആ ബക്കറ്റ് എടുത്ത്് പോലീസ് ഓടുന്ന ദൃശ്യങ്ങൾ മനസിൽ നിന്ന് മായുന്നില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. ചെങ്ങന്നൂർ കോട്ടയിൽ അമ്മ ബക്കറ്റിൽ ഉപേക്ഷിച്ച നവജാതശിശുവിനെ രക്ഷിക്കാൻ പ്രയത്‌നിച്ച പോലീസ് സേനാംഗങ്ങളെയും അമ്മ പറയുന്നതിൽ സംശയം തോന്നി പോലീസിനെ സമയോചിതമായി അറിയിച്ച ചെങ്ങന്നൂരിലെ നഴ്സിംഗ് ഹോമിലെ ഡോക്ടറെയും അഭിനന്ദിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ആരോഗ്യമന്ത്രി പോലീസുകാരുടെ സമയോചിതമായ പ്രവൃത്തിയെ പ്രകീർത്തിച്ചത്.
ഈ കുഞ്ഞിന്റെ മൂത്ത സഹോദരൻ 9 വയസുകാരന്റെ വാക്കുകൾ ഗൗരവത്തിൽ എടുത്തത് കൊണ്ടാണ് പോലീസ് ആശുപത്രിയിൽ നിന്ന് അവർ താമസിച്ച വീട്ടിൽ എത്തി പരിശോധിച്ചതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. കുഞ്ഞിന്റെ ജീവൻ നിലനിർത്താനുള്ള എല്ലാ ശ്രമവും കോട്ടയം മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപത്രിയിൽ നടത്തുന്നുണ്ട്. സൂപ്രണ്ട് ഡോ. ജയപ്രകാശിന്റെ നേതൃത്വത്തിൽ കുഞ്ഞിനാവശ്യമായ ചികിത്സയും പരിചരണവും നൽകുന്നുണ്ടെന്നും വീണ ജോർജ്ജ് വ്യക്തമാക്കി.
കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിലാണ്്. ആവശ്യമായ പരിചരണം നൽകാൻ വനിതാ ശിശു വികസന വകുപ്പ് ഒരു കെയർ ഗിവറിനെ കുഞ്ഞിനോടൊപ്പം നിയോഗിച്ചിട്ടുണ്ട്. ജനിച്ചു വീണത് മുതൽ അതിജീവനത്തിനു ശ്രമിച്ച ആ കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന് തന്നെ പ്രതീക്ഷിക്കുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.
രാവിലെ എട്ട് മണിയോടെയാണ് ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ രക്തസ്രാവത്തെ തുടർന്ന് യുവതി ചികിത്സ തേടിയത്. പ്രസവത്തെ തുടർന്നുളള രക്തസ്രാവമാണെന്ന് മനസിലാക്കിയ ആശുപത്രിയിലെ ഡോക്ടർ കുഞ്ഞിനെ അന്വേഷിച്ചപ്പോൾ യുവതി വ്യക്തമായ മറുപടി നൽകിയില്ല. സംശയം തോന്നിയ ഡോക്ടർ പോലീസിൽ അറിയിക്കുകയായിരുന്നു. അതിവേഗം സ്ഥലത്തെത്തിയ പോലീസ് നടത്തിയ തിരച്ചലിലാണ് കുഞ്ഞിനെ കണ്ടെത്തിയത്.











