ആർട്ടിഫിഷ്യൽ ഇന്റെലിജൻസ് അഥവാ എഐ ആണ് ഇപ്പോൾ ഇന്റെർനെറ്റിൽ ട്രെൻഡ്. എഐ ഉപയോഗിച്ചുള്ള കലാസൃഷ്ടികളുടെ ഘോഷയാത്രയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽമീഡിയയിൽ. ഫ്രാൻസിസ് മാർപാപ്പയും ഇലോൺ മസ്കും വെള്ള പഫ്കോട്ട് ധരിച്ചുള്ള ചിത്രങ്ങളും സദാ ലളിതവസ്ത്രധാരിയായ സക്കർബർഗ് നിറപ്പകിട്ടാർന്ന വസ്ത്രങ്ങളിൽ മോഡലിനെ പോലെ റാംപിൽ ചുവടുവെക്കുന്ന ഫോട്ടോകളുമെല്ലാം കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ എത്തിയിരുന്നു. ഇതെല്ലാം യഥാർത്ഥ ഫോട്ടോ ആണെന്ന് തെറ്റിദ്ധരിച്ചവർക്ക് പിന്നീടാണ് ഇതെല്ലാം എഐയുടെ കളികളാണെന്ന് മനസ്സിലായത്.
ഇപ്പോൾ ജീവിച്ചിരിക്കുന്നവർ എഐ ചിത്രങ്ങളിൽ തിളങ്ങിയപ്പോൾ കൂടെ മത്സരിക്കാൻ ഇതിഹാസ കഥാപാത്രങ്ങളും ഇപ്പോൾ എത്തിയിട്ടുണ്ട്. ബൂട്പോളിഷ് ടാക്കീസ് എന്ന കമ്പനിയുടെ സ്ഥാപകനും ക്രിയേറ്റീവ് ഡയറക്ടറുമായ സച്ചിൻ സാമുവലിന്റെ ഐഡിയയാണ് ഇതിഹാസ കഥാപാത്രങ്ങളുടെ എഐ പതിപ്പ്. രാമായണത്തിലെ കഥാപാത്രങ്ങളെയാണ് സച്ചിൻ ‘മിഡ്ജേർണി’ എന്ന എഐ പ്രോഗ്രാമിന്റെ സഹായത്തോടെ സൃഷ്ടിച്ചത്. വലിയ പ്രയത്നമൊന്നും കൂടാതെ നമ്മൾ വിചാരിക്കുന്ന ഏത് തരം ചിത്രങ്ങളും സൃഷ്ടിക്കാമെന്നതാണ് വിവിധ എഐ ആപ്ലിക്കേഷനുകളുടെയും സോഫ്റ്റ് വെയറുകളുടെയും ഗുണം.

തന്റെ ലിങ്ക്ഡ്ഇൻ അക്കൗണ്ടിലാണ് സച്ചിൻ രാമായണ കഥാപാത്രങ്ങളുടെ എഐ ചിത്രങ്ങൾ പങ്കുവെച്ചത്. ചെറുപ്പം മുതൾ തന്നെ വിസ്മയിപ്പിച്ച ഇതിഹാസമാണ് രാമായണമെന്നും രാമായണത്തിൽ ഹൃദയസ്പർശിയായ നിരവധി കഥാപാത്രങ്ങൾ ഉണ്ടെന്നും സച്ചിൻ വിശദീകരിക്കുന്നു. ദശരഥ രാജാവും മന്ഥരയും കൈകേയിയും രാമനും സീതയും ലക്ഷ്മണനും രാവണനും മാരീചനും സുഗ്രീവനും ജാംബവാനും കുംഭകർണ്ണനും ഇന്ദ്രജിത്തും ജടായുവുമെല്ലാം രാമായണത്തിൽ തനിക്ക് ഇഷ്ടപ്പെട്ട കഥാപാത്രങ്ങളാണെന്നും സച്ചിൻ പറയുന്നു. ഇതിൽ രാമനും സീതയുമടക്കം പ്രമുഖ കഥാപാത്രങ്ങളുടെയെല്ലാം മനോഹരമായ ദൃശ്യാവിഷ്കാരമാണ് സച്ചിൻ നടത്തിയിരിക്കുന്നത്.













Discussion about this post