ബംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്കായി പ്രചാരണത്തിനൊരുങ്ങാൻ തെലുങ്ക് സൂപ്പർ താരം കിച്ച സുദീപ്. സംസ്ഥാന വ്യാപകമായി പ്രധാനമായും കല്യാണ- കർണാടക മേഖലയിലാണ് അദ്ദേഹം ബിജെപിയ്ക്കായി രംഗത്ത് ഇറങ്ങുക. കക്ഷി രാഷ്ട്രീയത്തിലേക്കുള്ള കിച്ച സുദീപിന്റെ ആദ്യ കാൽവയ്പ്പ് കൂടിയാണ് ഇത്.
ബിജെപിയുമായി അടുത്ത ബന്ധമുള്ള സുദീപ് പ്രവർത്തകരുടെ ആവശ്യം പരിഗണിച്ചാണ് പ്രചാരണത്തിനായി ഇറങ്ങുന്നത്. കിച്ച സുദീപ് നായക വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. കല്യാണ- കർണാടക മേഖലയിൽ ഏറ്റവും കൂടുതൽ ഉള്ളത് നായക വിഭാഗക്കാരാണ്. അദ്ദേഹത്തിന്റെ പ്രചാരണം ബിജെപിയ്ക്ക് ഈ മേഖലയിൽ വലിയ നേട്ടമാകുമെന്നാണ് കരുതുന്നത്. ഇതിന് പുറമേ അദ്ദേഹത്തിന്റെ താരാധിപത്യവും ബിജെപിയ്ക്ക് കർണാടകയിൽ ഏറെ ഗുണം ചെയ്യും.
കിച്ച സുദീപിന് പുറമേ ബിജെപിയുമായി ബന്ധം പുലർത്തുന്ന മറ്റ് താരങ്ങളെയും പ്രചാരണത്തിനായി ബിജെപി ക്ഷണിച്ചിട്ടുണ്ട്.
നായക വോട്ടുകൾ ലക്ഷ്യമിട്ട് അടുത്തിടെ കോൺഗ്രസ് അദ്ധ്യക്ഷൻ ഡികെ ശിവകുമാർ കിച്ച സുദീപിനെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെ താരം കോൺഗ്രസിൽ ചേരുമെന്ന തരത്തിൽ വാർത്തകളും പ്രചരിച്ചിരുന്നു. എന്നാൽ ഇതിന് ശേഷം ഡികെ ശിവകുമാറിനോട് അടുത്ത വൃത്തങ്ങൾ കൂടിക്കാഴ്ച തീർത്തും വ്യക്തിപരമാണെന്ന് വ്യക്തമാക്കുകയായിരുന്നു. കിച്ച സുദീപിൽ നിന്നുമുണ്ടായ അതൃപ്തിയാണ് ഇക്കാര്യം വെളിപ്പെടുത്താൻ കാരണം ആയത് എന്നാണ് കരുതുന്നത്.
അടുത്ത മാസം 10 നാണ് കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പ്. മൂന്ന് ദിവസങ്ങൾക്ക് ശേഷം മെയ് 13 ന് വോട്ടെണ്ണും.
Discussion about this post