മണ്ണാർക്കാട്: അട്ടപ്പാടി മധു കൊലക്കേസിൽ ഒന്നാം പ്രതിക്ക് ഏഴ് വര്‍ഷം കഠിന തടവും
13 പ്രതികൾക്ക് ഏഴ് വർഷം കഠിനതടവ് വിധിച്ച് കോടതി. 16ാം പ്രതി മുനീർ ഒഴികെയുള്ളവർക്കാണ് തടവ് വിധിച്ചത്. കേസിൽ 16ൽ 14 പേരും കുറ്റക്കാരാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. ഹുസൈൻ, മരയ്ക്കാർ, ഷംസുദ്ദീൻ, രാധാകൃഷ്ണൻ, അബൂബക്കർ, സിദ്ദിഖ്, ഉബൈദ്, നജീബ്, ജൈജുമോൻ, സജീവ്, സതീഷ്, ഹരീഷ്, ബിജു എന്നിവർക്കാണ് കോടതി തടവ് ശിക്ഷ വിധിച്ചത്.
പതിമൂന്ന് പ്രതികളും ഒാരോ ലക്ഷം രൂപ വീതം പിഴയും നൽകണം. പിഴത്തുകയുടെ പകുതി മധുവിന്റെ അമ്മയ്ക്ക് നൽകണം. 16ാം പ്രതി മുനീറിന് 500 രൂപ പിഴ നൽകിയതിന് ശേഷം പോകാമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. വിചാരണക്കാലയളവിലെ ജയിൽവാസം കൂടി കണക്കിലെടുത്താണ് ഇയാൾക്ക് കൂടുതൽ ശിക്ഷ വിധിക്കാത്തത്. വിവിധ വകുപ്പുകളിലെ ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയാകും. പ്രതികളെ ഉടൻ തന്നെ തവനൂർ ജയിലിലേക്ക് മാറ്റും. മണ്ണാർക്കാട് എസ് സി, എസ് ടി കോടതിയാണ് ശിക്ഷ വിധിച്ചത്.
കേസിൽ കൂറുമാറിയവർക്കെതിരെയും നടപടി എടുക്കാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. 103 സാക്ഷികളെ വിസ്തരിച്ചപ്പോൾ 24 സാക്ഷികളാണ് കൂറുമാറിയത്. കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചാൽ കടുത്ത പ്രത്യാഘാതം ഉണ്ടാകുമെന്ന് കോടി നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിൽ പല സാക്ഷികളും ഹൈക്കോടതിയിൽ നിന്ന് സ്‌റ്റേ വാങ്ങിയിട്ടുണ്ട്. സ്‌റ്റേ തീരുന്ന മുറയ്ക്ക് നടപടി സ്വീകരിക്കാനാണ് നിർദ്ദേശം.












