ജാർഖണ്ഡ്: മദ്യലഹരിയിൽ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി ഭർത്താവ്. ജാർഖണ്ഡിലെ ബൊക്കാറയിലാണ് സംഭവം. പ്രതിയുടെ 12 ാം ഭാര്യയെ ആണ് കൊലപ്പെടുത്തിയത്. പ്രതിയായ രാം ചന്ദ്ര തുരി കടുത്ത മദ്യപാനിയായിരുന്നു. ഈ ശീലം കാരണം അദ്ദേഹത്തിന്റെ മുൻ ഭാര്യമാരെല്ലാം ഇയാളെ ഉപേക്ഷിച്ച് പോയി. തുടർന്നാണ് സാവിത്രി ദേവിയെ വിവാഹം കഴിച്ചത്. ഈ ബന്ധത്തിൽ ഇയാൾക്ക് മൂന്ന് മക്കളുണ്ട്.
സംഭവ ദിവസം രാം ചന്ദ്ര തുരിയും ഭാര്യയും ഒരു വിവാഹചടങ്ങിന് പോയി. ഇവിടെ വച്ച് മദ്യപിച്ച ഇയാൾ വീട്ടിൽ എത്തി വീണ്ടും മദ്യപിക്കാൻ ആരംഭിച്ചു. ഈ സമയം സാവിത്രീദേവി ഇയാളെ തടഞ്ഞു. ഇതോടെ ദേഷ്യം പിടിച്ച ഇയാൾ വടിയെടുത്ത് ഭാര്യയെ തല്ലാൻ തുടങ്ങി. മരിക്കുന്നത് വരെ ഇയാൾ ഭാര്യയെ മർദ്ദിക്കുകയായിരുന്നു.
കുട്ടികൾ വീട്ടിൽ തിരിച്ചെത്തിയപ്പോൾ രക്തത്തിൽ കുളിച്ച് കിടക്കുന്ന അമ്മയെ കണ്ടെത്തി. ഇവരുടെ നിലവിളി കേട്ട അയൽക്കാർ ഓടിയെത്തുകയും പോലീസിനെ അറിയിക്കുകയുമായിരുന്നു. പിന്നീട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയുടെ പന്ത്രണ്ടാം ഭാര്യയാണ് സാവിത്രിയെന്ന് പ്രദേശത്തെ പഞ്ചായത്തംഗമാണ് പറഞ്ഞത്. എന്നാൽ പോലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല.
Discussion about this post