ആന എന്ന് പറഞ്ഞാൽ തന്നെ എടുപ്പത് അഴകാണ് ഓരോ വ്യക്തിയുടെയും മനസിലേക്ക് ഒഴുകിയെത്തുന്നത്. യഥാർത്ഥത്തിൽ ആനകളിലെ സൗന്ദര്യം താരതമ്യം ചെയ്തു വിലയിരുത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.ഈ ഒരു അവസ്ഥ നിലനിൽക്കെ തന്നെയാണ് കേരളക്കരയിലെ ആദ്യത്തെ പെൺ ഗജമേള എന്ന് വിശേഷിപ്പിക്കാവുന്ന ഗജമേള കോട്ടയം, കൊടുങ്ങൂർ ദേവീക്ഷേത്രത്തിൽ നടന്നത്.
ഏറെ കൗതുകത്തോടെ കാത്തിരുന്ന ഗജറാണി സംഗമത്തിൽ ഉയരംകൊണ്ടും അഴകുകൊണ്ടും വിസ്മയം തീർത്ത് ഗജറാണി തോട്ടയ്ക്കാട് കുഞ്ഞു ലക്ഷ്മി ആനകളിലെ സൗന്ദര്യറാണിയായി.
ആനച്ചന്തത്തിന്റ അഴകുവിരിയിച്ചു കൊണ്ട് അനേകം ഗജറാണിമാർ മത്സരത്തിൽ പങ്കെടുത്തിരുന്നു. ഗജറാണിമാർ കൊടുങ്ങൂർ ദേവീക്ഷേത്രത്തിന്റെ പൂമുഖം വഴി ഇറങ്ങി വരുന്ന കാഴ്ച കാണികൾക്ക് ആവേശമായി.
ആർപ്പു വിളിച്ചും കരഘോഷം മുഴക്കിയും ആയിരങ്ങൾ ഗജറാണിമാരെ വരവേറ്റു.നിരന്നുനിന്ന 9 പിടിയാനകളിൽ ‘തോട്ടയ്ക്കാട് കുഞ്ഞുലക്ഷ്മി’ തൃക്കൊടുങ്ങൂർ മഹേശ്വരിപ്രിയ ഇഭകുല സുന്ദരിപ്പട്ടത്തിന് തെരഞ്ഞെടുക്കുമ്പോൾ അത് കാണികൾ ഏറെ പ്രതീക്ഷിച്ച വിധിയായിരുന്നു. സൗന്ദര്യം കൊണ്ടു ആനപ്രേമികളുടെ മനം കവർന്ന പ്ലാത്തോട്ടം ബീന ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹയായി
ക്ഷേത്രത്തിൽ തിടമ്പേറ്റുന്നതിനു തോട്ടയ്ക്കാട് പാഞ്ചാലിയെ തിരഞ്ഞെടുത്തു. വിവിധ കരകളിൽനിന്നു കാവടി ഘോഷയാത്രകൾ ക്ഷേത്രത്തിലെത്തി. ദേവിയുടെ ചിത്രം ആലേഖനം ചെയ്ത തിടമ്പുമായി ഗജറാണിമാരും അകമ്പടിയേകി. തുടർന്നായിരുന്നു ആനപ്രേമികൾ കാത്തിരുന്ന പെൺപൂരം. ആനയൂട്ടും നടന്നു.
Discussion about this post