കുട്ടികളിലെ ആത്മവിശ്വാസം കുറയ്ക്കുന്ന പ്രധാന ഘടകമാണ് ശാരീരികമായ പോരായ്മകളും പരിമിതികളും. ഈ അവസ്ഥ മറികടന്നു മുന്നോട്ട് പോകാൻ വളരെ കുറച്ച് കുട്ടികൾക്ക് മാത്രമേ സ്വമേധയാ സാധിക്കൂ. ഇത്തരത്തിൽ കുട്ടികളെ വേദനിപ്പിക്കുന്ന ഘടകങ്ങളിൽ ഒന്നാണ് വിറ്റിൽഗോ എന്ന ശാരീരികാവസ്ഥ.ശരീരത്തിൽ വെള്ള നിറത്തിലുള്ള പാടുകൾ ഉണ്ടാകുന്ന അവസ്ഥയാണിത്.
കുട്ടികളിൽ പ്രധാനമായും ഇത്തരം പാടുകൾ പ്രത്യക്ഷപ്പെടുന്നത് എന്നതിനാൽ തന്നെ വിറ്റിൽഗോ ബാധിച്ച കുട്ടികൾക്ക് ഉള്ളിൽ തങ്ങൾ കാണാൻ ഭംഗിയില്ലാത്തവരാണ് എന്ന ചിന്ത ഉടലെടുക്കുന്നു. അതിലൂടെ ആത്മവിശ്വാസക്കുറവും ഉണ്ടാകുന്നു. അതോടെ ഈ രോഗം ബാധിച്ച കുട്ടികളുടെ അവസ്ഥ ഏറെ പരുങ്ങലിൽ ആകുന്നു. ഭാവിയെ തന്നെ ഇത് പ്രതികൂലമായി ബാധിക്കുന്നു.
ലോക ജനസംഖ്യയുടെ ഏകദേശം ഒരു ശതമാനത്തോളം ആളുകൾക്ക് വിറ്റിൽഗോ രോഗമുണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്. ഈ അവസ്ഥ മൂലം യൗവനത്തിൽ ഏറെ വേദനിച്ച വ്യക്തിയാണ് ബ്രസീൽ സ്വദേശിയായ ജാവോ സ്‌റ്റാൻഗനെലി. മറ്റുള്ളവരുടെ തുറിച്ചു നോട്ടവും സഹതാപവും അദ്ദേഹത്തിൻറെ ജീവിതം ദുഷ്കരമാക്കി .എന്നാൽ ഏറെ കഴിഞ്ഞഴ്പ്പോൾ അദ്ദേഹത്തിന് മനസിലായി ഇതൊരു ഒരു മെഡിക്കൽ കണ്ടീഷൻ മാത്രമാണെന്നും അതിനെ ഓർത്ത് വിഷമിക്കുന്നതിൽ കാര്യമില്ലെന്നും.
തനിക്ക് ചുറ്റുമുള്ള സമൂഹത്തിലും നിരവധി കുട്ടികൾ സമാനമായ മാനസികാവസ്ഥയുടെ കടന്നു പോകുന്നുണ്ട് എന്ന് അദ്ദേഹത്തിന് മനസിലായി. വിറ്റിൽഗോ ബാധിച്ച കുട്ടികളുടെ മനസ്സിൽ ആത്മവിശ്വാസം നിറയ്ക്കുന്നതിനും അവരും സുന്ദരികളും സുന്ദരന്മാരുമാണ് എന്ന് പഠിപ്പിക്കുന്നതിനുമായി ജാവോ തീരുമാനിച്ചു . അതിനായി അദ്ദേഹം കണ്ടെത്തിയ മാർഗം രസകരമായിരുന്നു. പാവകൾ നിർമിക്കുക , അദ്ദേഹം നിർമിക്കുന്ന പാവകൾക്കും പ്രത്യേകതകൾ ഉണ്ടായിരുന്നു വിറ്റിൽഗോ പാടുകളോട് കൂടിയ പാവകളെയാണ് അദ്ദേഹം നിർമിച്ചത്.
ഇത്തരത്തിൽ നിർമിക്കുന്ന പാവകൾ കുട്ടികൾക്ക് അദ്ദേഹം സൗജന്യമായി വിതരണം ചെയ്തു. വളരെ പതുക്കെ ആണെങ്കിലും ഈ ശ്രമം വിജയം കണ്ടു. 66 വയസുള്ള ഈ അപ്പൂപ്പൻ കുട്ടികളുടെ പ്രിയങ്കരനായി. വിറ്റിൽഗോ എന്നത് ഒരു സ്വാഭാവിക അവസ്ഥ മാത്രമായി കുട്ടികൾ കണ്ടുതുടങ്ങി. ശരീരത്തിൽ അവിടിവിടെയായി പിഗ്മെന്റേഷനിൽ വരുന്ന വ്യത്യാസം മാത്രമാണ് വിറ്റിൽഗോ എന്ന് കുട്ടികളെ പറഞ്ഞു മനസിലാക്കാൻ ജാവോ അപ്പൂപ്പന്റെ പാവകൾ കൊണ്ട് സാധിച്ചു. ചെറിയ പ്രായത്തിൽ വിറ്റിൽഗോ വന്ന കുട്ടികൾക്ക് ഇന്ന് ജാവോ അപ്പൂപ്പൻ സൂപ്പർ ഹീറോ ആണ്.
Discussion about this post