2026-ലെ ടി20 ലോകകപ്പിന് ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കാനിരിക്കെ, ബംഗ്ലാദേശിന്റെ മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് മാറ്റാൻ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ആലോചിക്കുന്നതായി റിപ്പോർട്ട്. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് നൽകിയ അപേക്ഷയിലാണ് ഐസിസിയുടെ ഈ നീക്കം.
ഐപിഎൽ 2026-ൽ നിന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം മുസ്തഫിസുർ റഹ്മാനെ ബിസിസിഐ നിർദ്ദേശപ്രകാരം ഒഴിവാക്കിയതാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണം. രാഷ്ട്രീയവും മതപരവുമായ സംഘടനകളുടെ പ്രതിഷേധത്തെത്തുടർന്നാണ് മുസ്തഫിസുറിനെ ഒഴിവാക്കാൻ ബിസിസിഐ കെകെആറിനോട് ആവശ്യപ്പെട്ടത്.
തങ്ങളുടെ താരത്തെ അപമാനിച്ച നടപടിയിൽ ബംഗ്ലാദേശ് സർക്കാർ കടുത്ത അമർഷം രേഖപ്പെടുത്തി. മുസ്തഫിസുറിനെ ഇന്ത്യയിൽ കളിക്കാൻ അനുവദിക്കുന്നില്ലെങ്കിൽ, ലോകകപ്പിനായി ബംഗ്ലാദേശ് ടീമിനെ ഇന്ത്യയിലേക്ക് അയക്കില്ലെന്ന് ബംഗ്ലാദേശ് സ്പോർട്സ് അഡ്വൈസർ ആസിഫ് നസ്രുൾ വ്യക്തമാക്കി.
ബംഗ്ലാദേശിന്റെ എല്ലാ മത്സരങ്ങളും ശ്രീലങ്കയിലേക്ക് മാറ്റണമെന്നാണ് ബിസിബി ഐസിസിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ അപേക്ഷ ഐസിസി അംഗീകരിക്കുകയാണെങ്കിൽ പാകിസ്ഥാൻ, ബംഗ്ലാദേശ് ടീമുകളുടെ മത്സരങ്ങൾ പൂർണ്ണമായും ശ്രീലങ്കയിൽ വെച്ച് നടന്നേക്കും.












Discussion about this post