തിരുവനന്തപുരം: അനിൽ കെ ആന്റണിയുടെ ബിജെപി പ്രവേശനം വേദനയുണ്ടാക്കിയെന്ന് പിതാവം മുൻ പ്രതിരോധമന്ത്രിയുമായിരുന്ന എകെ ആന്റണി. അനിൽ ആന്റണിയുടെ തീരുമാനം തന്നെ ഏറെ വേദനിപ്പിച്ചെന്ന് അദ്ദേഹം പ്രതികരിച്ചു. തികച്ചും തെറ്റായ ഒരു തീരുമാനമായിപ്പോയി അനിൽ സ്വീകരിച്ചതെന്ന് എകെ ആന്റണി കുറ്റപ്പെടുത്തി. നെഹ്രു കുടുംബത്തെ പിന്തുണച്ചും മകന്റെ തീരുമാനത്തെ വിമർശിച്ചുമായിരുന്നു എകെ ആന്റണിയുടെ വാക്കുകൾ. വൈകാരികമായിട്ടായിരുന്നു പ്രതികരണം. നെഹ്രു കുടുംബത്തിനോടുള്ള കൂറ് ഒന്നുകൂടി ഉറപ്പിച്ചായിരുന്നു ഓരോ വാക്കുകളും.
സ്വാതന്ത്ര സമരകാലത്ത് ഭാഷയോ ദേശമോ,വർണമോ,വർഗമോ നോക്കാതെ എല്ലാ ഇന്ത്യക്കാരെയും ഒരുപോലെ കണ്ട കുടുംബമാണ് നെഹ്രു കുടുംബം. ഇന്നും ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി വേട്ടയാടുന്നവർക്കിടയിലും വിട്ടുവീഴ്ചയില്ലാതെ പ്രവർത്തിക്കുന്നവരാണ് നെഹ്രു കുടുംബാംഗങ്ങൾ. ഒരു ഘട്ടത്തിൽ ഇന്ദിരാഗാന്ധിയുമായി അകന്ന് പോയി, വീണ്ടും ഇന്ദിരാഗാന്ധിയുമായി യോജിച്ച, ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തെ അംഗീകരിച്ച് കൊണ്ട്, കോൺഗ്രസിൽ തിരിച്ചു വന്നു. ഇതിന് ശേഷം ഇന്ദിരാഗാന്ധിയോടും കുടുംബത്തോടും മുൻപുണ്ടായതിനേക്കാളും അടുപ്പവും ബഹുമാനവും ഉണ്ടായെന്ന് എകെ ആന്റണി ചൂണ്ടിക്കാട്ടി.
ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി വിട്ടുവീഴ്ചയില്ലാതെ പ്രവർത്തിക്കുന്നതിൽ മുൻപന്തിയിലുള്ളവരാണ്. നെഹ്രു കുടുംബം. അത് കൊണ്ട് തന്നെ എല്ലാ കാലവും നെഹ്രു കുടുംബത്തിനോടൊപ്പം നിൽക്കുമെന്ന് എകെ ആന്റണി കൂട്ടിച്ചേർത്തു.
തന്റെ ജീവിതത്തിന്റെ അവസാന നാളുകളിലേക്കാണ് കടന്നുപോകുന്നത്, വയസ് 82 ആയി, എത്രനാൾ ജീവിച്ചിരിക്കുമെന്ന് തീർച്ചയില്ല. ദീർഘായുസിന് താത്പര്യമില്ല. മരിക്കുന്നത് കോൺഗ്രസ് പ്രവർത്തകനായിട്ടായിരിക്കുമെന്ന് എകെ ആന്റണി വ്യക്തമായി.
ഇന്ത്യാ മഹാരാജ്യത്തിന്റെ ഐക്യം, അതിന്റെ ആണിക്കല്ലെന്ന് പറയുന്നത് അതിന്റെ ബഹുസ്വരതയും മതേതരത്വവുമാണ്. 2014 ൽ നരേന്ദ്രമോദി സർക്കാർ അധികാരമേറ്റടുത്തിന് ശേഷം ആസൂത്രിതമായി നമ്മുടെ അടിസ്ഥാന നയങ്ങളെ ദുർബലപ്പെടുത്താനുള്ള തുടർച്ചായ ശ്രമങ്ങൾ ഉണ്ടായി. ഒന്നാം മോദി സർക്കാരിന്റെ കാലത്ത് ഇത് പതിയെ ആയിരുന്നുവെങ്കിൽ രണ്ടാം മോദി സർക്കാരിന്റെ കാലത്ത് രാജ്യം ഏകത്വത്തത്തിലേക്ക് നീങ്ങണം എന്ന നിലപാട് ആയെന്ന് എകെ ആന്റണി കുറ്റപ്പെടുത്തി. തന്നെ സംബന്ധിച്ചിടത്തോളം അവസാന ശ്വാസം വരെ ബിജെപിയ്ക്കും ആർഎസ്എസിനും എതിരെ ശബ്ദമുയർത്തുമെന്നും അക്കാര്യത്തിൽ യാതൊരു സംശയവുമില്ലെന്നും എകെ ആന്റണി വ്യക്തമാക്കി.
അനിലുമായി ബന്ധപ്പെട്ട ഒരു ചർച്ചയ്ക്കും ചോദ്യങ്ങൾക്കും ഒരിക്കൽ പോലും താൻ തയ്യാറാവില്ലെന്നും, ഈ വിഷയവുമായി ബന്ധപ്പെട്ട് തന്റെ ആദ്യത്തേയും അവസാനത്തേയും പ്രതികരണമായിരിക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു. വൈകാരികമായിട്ടായിരുന്നു എകെ ആന്റണിയുടെ വാക്കുകൾ.
Discussion about this post