ന്യൂഡൽഹി: കൊറോണ കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുടെ ഉന്നതതല യോഗം വിളിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. ഓൺലൈനായി ചേരുന്ന യോഗത്തിൽ ഉന്നത ഉദ്യോഗസ്ഥരടക്കം പങ്കെടുക്കും.തിങ്കളാഴ്ചത്തെ
കൊറോണ മോക്ഡ്രിൽ ഉൾപ്പെടെ ചർച്ചയാകും.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 5335 പേരിലാണ് കൊറോണ സ്ഥിരീകരിച്ചത്. 195 ദിവസത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. കഴിഞ്ഞ വർഷം സെപ്തംബർ 23ന് 5383 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. അതിന് ശേഷം ഇതാദ്യമായാണ് ഒറ്റ ദിവസം ഇത്രയധികം പേരിൽ രോഗം സ്ഥിരീകരിക്കുന്നത്. 13 പേർ രോഗം ബാധിച്ച് മരിച്ചതായും സ്ഥിരീകരിച്ചു.
രാജ്യത്തെ കൊറോണ സ്ഥിതിഗതികൾ വിലയിരുത്താൻ കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഒരു ഉന്നതതല യോഗം ചേർന്നിരുന്നു. നിലവിൽ ഓരോ ദിവസവും രോഗികളുടെ എണ്ണം വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് ഉന്നതതല അവലോകന യോഗം ചേരുന്നത്. രോഗം സ്ഥിരീകരിക്കുന്ന കേസുകളിൽ പരമാവധി ജീനോം സീക്വൻസിംഗ് വർദ്ധിപ്പിക്കണമെന്ന് പ്രധാനമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു.
Discussion about this post