ആലപ്പുഴ: കുട്ടനാട്ടിൽ പൊതു കിണറും വഴിയും നശിപ്പിച്ച് സാമൂഹ്യവിരുദ്ധർ. പുളിങ്കുന്ന് പഞ്ചായത്തിലാണ് സംഭവം. നാട്ടുകാർ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
13ാം വാർഡിൽ മങ്കൊമ്പ് മിനി സ്റ്റേഷൻ പാലത്തിന് സമീപമാണ് സംഭവം. ഇവിടെ വികാസ് റോഡിൽ ഒരു പൊതുകിണറുണ്ട്. ഇതാണ് ഇരുട്ടിന്റെ മറപറ്റിയെത്തിയ സാമൂഹ്യവിരുദ്ധർ മലിനമാക്കിയത്. പ്രദേശത്തെ 20 ഓളം കുടുംബങ്ങൾക്ക് കുടിവെള്ളത്തിനായുള്ള ഏകമാർഗ്ഗം ഈ പൊതുകിണറാണ്. കിണർ മലിനമായതോടെ കുടിവെള്ളം മുട്ടി.
കഴിഞ്ഞ് പത്ത് വർഷമായി ഈ കിണറിൽ നിന്നാണ് ഇവർ വെള്ളം ഉപയോഗിച്ചിരുന്നത്. കഴിഞ്ഞ ദിവസം ഈ കിണർ വൃത്തിയാക്കുകയും, ഇതിനോട് ചേർന്നുള്ള പൊതുവഴി നേരെയാക്കുകയും ചെയ്തിരുന്നു. അന്ന് രാത്രിയാണ് കിണർ മലിനമാക്കിയത്. പൊതുവഴി മണ്ണിട്ട് നാശമാക്കുകയും ചെയ്തു.
പ്രദേശവാസികൾ നടത്തിയ അന്വേഷണത്തിൽ ഒരു സ്ത്രീയും പുരുഷനുമാണ് സംഭവത്തിന് പിന്നിൽ എന്ന് വ്യക്തമായി. ഇതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു. ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Discussion about this post