ന്യൂഡൽഹി: 2 ലക്ഷം കോടി രൂപയിലേക്ക് കുതിച്ച് പ്രധാനമന്ത്രി ജൻ ധൻ യോജന അക്കൗണ്ടുകളിലെ ബാലൻസ്. 486 ദശലക്ഷത്തോളം ഗുണഭോക്താക്കളുടെ നോൺ-ഫ്രിൽ അക്കൗണ്ടുകൾ വഴിയാണ് വർദ്ധനവ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് ഇക്കുറി ജൻധൻ അക്കൗണ്ടുകളിലെ നിക്ഷേപങ്ങളിലും എട്ട് ശതമാനത്തോളം കുതിപ്പുണ്ടായി.
പദ്ധതി ജനങ്ങൾക്ക് ഏറെ സ്വീകാര്യമായെന്നതിന്റെ തെളിവാണ് നിക്ഷേപങ്ങളിലുണ്ടാകുന്ന വർദ്ധനവെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു. ഉപഭോക്താക്കളിലേക്ക് നേരിട്ട് സബ്‌സിഡികളും മറ്റും കൈമാറുന്നത് വഴി വലിയൊരു തുക ലാഭിക്കാൻ സാധിച്ചു. രാജ്യത്തെ ജൻധൻ അക്കൗണ്ടുകളുടെ ഉപയോഗവും വലിയ തോതിൽ വർദ്ധിച്ചിട്ടുണ്ട്. 85 ശതമാനത്തോളം ജൻധൻ അക്കൗണ്ടുകളും പൂർണതോതിൽ പ്രവർത്തിക്കുന്നുണ്ട് മറ്റുള്ളവ പ്രവർത്തനക്ഷമമല്ലെന്നും, വ്യാജ അക്കൗണ്ടുകൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അധികൃതർ പറയുന്നു.
രാജ്യത്തെ 90% ആളുകൾക്കും ഏതെങ്കിലും ബാങ്കിലോ മറ്റ് ധനകാര്യ സ്ഥാപനങ്ങളിലോ വ്യക്തിഗതമായതോ സംയുക്തമോ ആയ അക്കൗണ്ടുകളുണ്ട്. രാജ്യത്ത് 18 വയസ്സോ അതിന് മുകളിലോ പ്രായമുള്ള 89.4% ആളുകൾക്കും അത്തരത്തിൽ അക്കൗണ്ട് ഉണ്ട്. ഇതിന് ഗ്രാമ-നഗര വ്യത്യാസങ്ങളില്ല. ഗ്രാമപ്രദേശങ്ങളിൽ 89.3% പേർക്കും നഗരപ്രദേശങ്ങളിൽ 89.6% പേർക്കും അക്കൗണ്ട് ഉണ്ടെന്നാണ് കണക്കുകൾ പറയുന്നത്. ഒരു കുടുംബത്തിന് ഒരു ബാങ്ക് അക്കൗണ്ട് എങ്കിലും ഉണ്ടാക്കുക എന്ന ലക്ഷ്യത്തിൽ 2014 ഓഗസ്റ്റിലാണ് പ്രധാനമന്ത്രി ജൻ ധൻ യോജനക്ക് തുടക്കമിടുന്നത്. ജൻ ധൻ യോജന അക്കൗണ്ടുകളുടെ 55% ഗുണഭോക്താക്കളും സ്ത്രീകളാണ്.
അക്കൗണ്ടുകളിലെ നിക്ഷേപങ്ങളുടെ വളർച്ചാ നിരക്ക് ആദ്യഘട്ടത്തിൽ മന്ദഗതിയിൽ ആയിരുന്നെങ്കിലും പിന്നീട് അത് കൂടാൻ ആരംഭിച്ചു. 2019 ജൂലൈയിൽ ആറ് വർഷം സമയമെടുത്താണ് നിക്ഷേപം ഒരു ലക്ഷം കോടി എന്ന ലക്ഷ്യത്തിൽ എത്തിയത്. മൂന്ന് വർഷത്തിൽ താഴെ സമയത്തിലാണ് രണ്ട് ലക്ഷം കോടി എന്ന ലക്ഷ്യത്തിലേക്ക് എത്തിയിരിക്കുന്നത്. 2019ൽ സ്‌കീമിന് കീഴിലുള്ള മൊത്തം ഗുണഭോക്താക്കളുടെ എണ്ണം 360.6 ദശലക്ഷമായിരുന്നു.
Discussion about this post