കൊല്ലം: എൻസിഇആർടിയുടെ പാഠപുസ്തകങ്ങളിൽ നിന്ന് മുഗൾ കാലഘട്ടത്തെക്കുറിച്ചുള്ള ഭാഗങ്ങൾ ഒഴിവാക്കിയതിനെതിരെ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. ശാസ്ത്രീയമായ ചരിത്രബോധമാണ് സാമൂഹികമാറ്റത്തിന് പൊരുതുന്നവരുടെ കരുത്തെന്നും അത് ചോർത്തിക്കളയൽ എന്നും ഫാസിസ്റ്റ് തന്ത്രമായിരുന്നുവെന്നും എംഎ ബേബി ഫേസ്ബുക്കിൽ കുറിച്ചു.
നമ്മുടെ രാജ്യചരിത്രത്തിൻറെ നിർണായക വസ്തുതകൾ വിദ്യാർത്ഥികളിൽ നിന്ന് മറച്ചു വയ്ക്കുന്നതിലൂടെ അറിവ് നേടുന്നതിനുള്ള അവരുടെ അവകാശം ലംഘിക്കുകയാണെന്നും എംഎ ബേബി പറയുന്നു. മുഗൾ കാലഘട്ടത്തെക്കുറിച്ചുളള ഭാഗങ്ങൾ ഒഴിവാക്കിയതിന് പിന്നാലെ ഗാന്ധി വധവും തുടർന്നുണ്ടായ ആർഎസ്എസ് നിരോധനത്തെയും കുറിച്ചുള്ള ഭാഗങ്ങളും ഒഴിവാക്കിയെന്നും എംഎ ബേബി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഗുജറാത്ത് കലാപം, മുഗൾ കോടതികൾ, അടിയന്തരാവസ്ഥ, ശീതയുദ്ധം, നക്‌സലൈറ്റ് പ്രവർത്തനം തുടങ്ങിയവയെക്കുറിച്ചുള്ള ഭാഗങ്ങളും ഒഴിവാക്കിയെന്നും എംഎ ബേബി ആരോപിച്ചു. മഹാത്മാഗാന്ധിയെ വധിച്ചതിന് പിന്നാലെ ആർഎസ്എസിനെ നിരോധിച്ചത് പാഠപുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കിയാൽ സ്വന്തം കയ്യിൽ നിന്ന് ഗാന്ധി വധത്തിന്റെ ചോരക്കറ കഴുകിക്കളയാം എന്നാണോ ആർഎസ്എസ് നിയന്ത്രണത്തിലുള്ള സർക്കാർ കരുതുന്നതെന്ന് എംഎ ബേബി ചോദിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണത്തിന് പിന്നാലെയാണ് എംഎ ബേബിയും ഇതിനെതിരെ രംഗത്തെത്തിയത്. എൻസിഇആർടി പാഠപുസ്തകങ്ങളിൽ നിന്നും രാഷ്ട്രീയ ലാക്കോടെ ഏതാനും അദ്ധ്യായങ്ങളും പാഠഭാഗങ്ങളും ഒഴിവാക്കിയ തീരുമാനം ചരിത്രനിഷേധം മാത്രമല്ല പ്രതിഷേധാർഹവുമാണെന്ന് ആയിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
Discussion about this post