കൊച്ചി: എലത്തൂർ തീവണ്ടി ആക്രമണ കേസ് പ്രതി ഷാരൂഖ് സെയ്ഫിയെ 11 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവിട്ടു. ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് സെയ്ഫിയെ പോലീസ് കസ്റ്റഡിയിൽ വിട്ടത്. 14 ദിവസത്തെ കസ്റ്റഡിയായിരുന്നു പോലീസ് ആവശ്യപ്പെട്ടത്. എന്നാൽ 11 ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചത്.
ഷാരൂഖ് സെയ്ഫിക്ക് വേണ്ടി ക്രിമിനൽ വക്കീൽ അഡ്വക്കേറ്റ് ബി എ ആളൂർ ഹാജരാകുമെന്നാണ് വിവരം. ഷാരൂഖിന്റെ സഹോദരൻ ഫക്രുദീൻ, ഇതുമായി ബന്ധപ്പെട്ട് ആളൂരിനെ സമീപിച്ചതായാണ് റിപ്പോർട്ട്.
കുറ്റകൃത്യം ചെയ്യാൻ തന്നെ ആരും സഹായിച്ചിട്ടില്ലെന്നാണ് ഷാരൂഖ് സെയ്ഫി പറയുന്നത്. എന്നാൽ വിശദമായി ഇയാളെ ചോദ്യം ചെയ്യാനാണ് പോലീസിന്റെ നീക്കം.
അതേസമയം, തീവണ്ടി ആക്രമണ കേസിൽ എൻ ഐ എ വിവര ശേഖരണം തുടരുകയാണ്. ഡി ഐ ജി കാളി രാജ് മഹേഷ് ഉൾപ്പെടെയുള്ള എൻ ഐ എ സംഘമാണ് ബംഗലൂരുവിൽ നിന്നും കോഴിക്കോട്ടെത്തിയത്. കേസിലെ തീവ്രവാദ ബന്ധമാണ് എൻ ഐ എ പ്രധാനമായും പരിശോധിക്കുന്നത്.
Discussion about this post