ചെന്നൈ: കഴിഞ്ഞ വർഷം സർവീസ് ആരംഭിച്ച ചെന്നൈ-മൈസൂർ വന്ദേ ഭാരത് എക്സ്പ്രസിന് ശേഷം ചെന്നൈയിൽ നിന്നുള്ള രണ്ടാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ ഇന്ന് സർവീസ് ആരംഭിക്കാനിരിക്കുകയാണ്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി സർവീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനുകളിൽ നിന്ന് വ്യത്യസ്തമാണ് ഇന്ന് ചെന്നൈയിൽ നിന്ന് പ്രധാനമന്ത്രി ഫ്‌ളാഗ്ഓഫ് ചെയ്യാനിരിക്കുന്ന ട്രെയിൻ.
ചെന്നൈ-കോയമ്പത്തൂർ വഴി സർവീസ് നടത്താൻ പോകുന്ന പുതിയ വന്ദേഭാരത് ട്രെയിനിന് എട്ട് കോച്ചുകളാണുള്ളത്. മറ്റ് വന്ദേഭാരത് ട്രെയിനുകളിലെല്ലാം 16 കോച്ചുകളാണ് ഉള്ളത്. കുറഞ്ഞ യാത്രക്കാരുള്ള റൂട്ടുകളിലും വന്ദേഭാരത് സർവീസ് ആരംഭിക്കുക എന്ന ലക്ഷ്യത്തിലാണ് 8 കോച്ചുകളുള്ള ട്രെയിൻ അവതരിപ്പിച്ചിരിക്കുന്നത്. ഒരു എക്സിക്യൂട്ടീവ് കോച്ചാണ് ട്രെയിനിൽ ഉള്ളത്. ഒരേസമയം 530 പേർക്ക് ഇതിൽ യാത്ര ചെയ്യാനാകും.
എന്നാൽ ഇതിന്റെ വേഗതയിലോ സൗകര്യങ്ങളിലോ ഒന്നും മറ്റ് വന്ദേഭാരതിൽ നിന്ന് യാതൊരു വ്യത്യാസവുമില്ല. ആറ് മണിക്കൂർ 10 മിനിട്ട് സമയമാണ് ഇരു നഗരങ്ങൾക്കുമിടയിൽ യാത്ര പൂർത്തിയാക്കാൻ വന്ദേഭാരതിന് വേണ്ടി വരുന്നത്. 495 കിലോമീറ്റർ ദൂരമാണ് ആറ് മണിക്കൂർ കൊണ്ട് പിന്നിടുന്നത്. തിരുപ്പൂർ, ഈറോഡ്, സേലം എന്നീ സ്ഥലങ്ങളിലാണ് ട്രെയിനിന് സ്റ്റോപ്പുള്ളത്.
കോയമ്പത്തൂരിൽ നിന്ന് രാവിലെ ആറിന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 12.10ന് ചെന്നൈയിലെത്തും. തിരിച്ച് ചെന്നൈ സെൻട്രലിൽ നിന്ന് ഉച്ചയ്ക്ക് 2:20ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 8.30ന് കോയമ്പത്തൂരിലെത്തും. ബുധൻ ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും ട്രെയിൻ സർവീസ് ഉണ്ടാകും.
Discussion about this post