പേടിയില്ലാത്ത ആളുകളുണ്ടാകില്ല. പക്ഷേ ഫോബിയ എന്ന അസാധാരണമായ ഭയം എല്ലാവർക്കും ഉണ്ടായിക്കൊള്ളണമെന്നില്ല. തീർത്തും യുക്തിരഹിതവും നിരന്തരവുമായ ഭയമാണ് ഫോബിയ. ചിലപ്പോഴത് ആളുകളോടുള്ള ഭയമാകാം, ചിലപ്പോൾ മൃഗങ്ങളോട് അല്ലെങ്കിൽ ചില സാഹചര്യങ്ങളോട്. ഏതുതരം ഫോബിയ ആണെങ്കിലും ഭയവും അതെത്തുടർന്നുണ്ടാകുന്ന ഉത്കണ്ഠയും അസ്വസ്ഥതതും ഉണ്ടാക്കുന്ന വസ്തുവിനെയോ സാഹചര്യത്തെയോ ഒഴിവാക്കാനുള്ള ആഗ്രഹവും ശ്രമവും അത് അനുഭവിക്കുന്നവരുടെ ഭാഗത്ത് നിന്ന് ഉണ്ടാകും. പലതരത്തിലുള്ള ഫോബിയകൾ ഉണ്ട്. അതിൽ വളരെ വിചിത്രമായ ചിലത് പരിശോധിക്കാം.
ഫോബോഫോബിയ അഥവാ ഭയത്തിനെ ഭയം
പേടിക്കുന്നതിനോടുള്ള പേടിയാണ് ഫോബോഫോബിയ. ഉത്കണ്ഠ പ്രശ്നങ്ങൾ, പാനിക് അറ്റാക്കുകൾ എന്നിവയുള്ളവരാണ് സാധാരണയായി അത്തരം സാഹചര്യങ്ങൾ വരുന്നത് ഭയക്കുന്നത്.
ഗ്ലോബോഫോബിയ, ബലൂണിനെ ഭയം
ബലൂൺ പൊട്ടുന്ന ശബ്ദത്തെ ഭയക്കുന്ന നിരവധിപേരുണ്ട്. അവർക്ക് ചിലപ്പോൾ ബലൂണിനെ തന്നെ പേടിയായിരിക്കും. ബലൂണിൽ തൊടുന്നതോ അതിന്റെ മണമോ, മറ്റ് സ്വഭാവങ്ങളോ ഒക്കെ ഇത്തരക്കാരെ അസ്വസ്ഥരാക്കും. എന്തിന് ചിലപ്പോൾ ബലൂണിനെ കുറിച്ച് ചിന്തിക്കാൻ പോലും ഇവർ ഇഷ്ടപ്പെടില്ല. സിനിമകളിൽ ബലൂൺ കണ്ടാൽ പോലും ഇവർ വൈകാരികമായി അസ്വസ്ഥരാകും. അറിയപ്പെടുന്ന ടെലിവിഷൻ അവതാരകയായ ഒപ്ര വിൻഫ്രേ തനിക്ക് ഈ ഫോബിയ ഉണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു.
നോമോഫോബിയ
വളരെ വിചിത്രമാണ് ഈ ഫോബിയ. സ്മാർട്ട്ഫോൺ പ്രവർത്തിക്കാതെ വരുമ്പോൾ ചിലർക്കുണ്ടാകുന്ന ഭീതിയാണിത്. സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങിയിട്ട് അധികകാലം ആയിട്ടില്ലാത്തതിനാൽ ഈ ഫോബിയയും താരതമ്യേന പുതിയതാണ്. ഈ ഭയം ഉള്ളവർക്ക് മൊബൈൽ ഫോൺ ഉപയോഗിക്കാൻ പറ്റില്ല എന്ന അവസ്ഥ മൂലം അസ്വസ്ഥതയും നിരാശയും ഭയവുമൊക്കെ തോന്നുന്നു. സ്മാർട്ട്ഫോൺ മാത്രമല്ല, മറ്റുള്ളവരുമായി ഓൺലൈനായി ബന്ധപ്പെടാനുള്ള അവസരങ്ങൾ, ഉദാഹരണത്തിന് ഇന്റെർനെറ്റ് കണക്ഷൻ ഇല്ലാതാകുന്നത് ഒക്കെ നോമോഫോബിയ ഉള്ളവർക്ക് അസ്വസ്ഥതയുണ്ടാക്കുന്ന കാര്യങ്ങളാണ്.
മൈകോഫോബിയ
ഫംഗസുകളോടുള്ള ഭയമാണ് മൈകോഫോബിയ. ഈ അവസ്ഥയുള്ളവർ കൂണും ഫംഗസ് ഉണ്ടാകാനിടയുള്ള മറ്റ് ഭക്ഷണസാധനങ്ങളും കഴിക്കാറില്ല.
ജെനിഫോബിയ
താടിയോടുള്ള (chin) അസാധാരണവും യുക്തിരഹിതവുമായ ഭയമാണ് ജെനിയോഫോബിയ. മറ്റ് ഫോബിയകളെ അപേക്ഷിച്ച്, ഈ ഫോബിയയുമായി ജീവിക്കുക വളരെ പ്രയാസകരമാണ്. കാരണം മുഖത്ത് തന്നെയുള്ള ഈ ശരീരഭാഗം കാണാതെ ജീവിക്കുക അസാധ്യമാണ്.
പെന്തറാഫോബിയ
ഇത് മിക്ക സ്ത്രീകളിലും ചില പുരുഷന്മാരിലും ഉള്ള ഒരു ഭയമാണ്. ഭർതൃമാതാവിനെ അല്ലെങ്കിൽ ഭാര്യാമാതാവിനോടുള്ള ഭയമാണിത്. അവരുമായി നല്ല ബന്ധം ഉണ്ടാകാതിരിക്കുക വളരെ സാധാരണമാണെങ്കിലും അവരെ ഭയപ്പെടുകയെന്നത് ഒരുതരം ഫോബിയ ആണ്.
ഡയപ്പനോഫോബിയ
മറ്റുള്ളവർക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള ഭയമാണ് ഡയപ്പനോഫോബിയ. സാമൂഹികമായ ഉത്കണ്ഠയുമായി ബന്ധപ്പെട്ട ഒരു അവസ്ഥയാണിത്. പൊതുയിടങ്ങളും പരിപാടികളും സാഹചര്യങ്ങളും അഭിമുഖീകരിക്കേണ്ടി വരുമ്പോൾ ഉണ്ടാകുന്ന ഉത്കണ്ഠകളാണ് സാമൂഹികമായ ഉത്കണ്ഠകൾ.
ബനാനോഫോബിയ
പേര് സൂചിപ്പിക്കുന്നത് പോലെ പഴത്തോടുള്ള ഭയമാണ് ബനാനോഫോബിയ.
കൗംപനോഫോബിയ
ബട്ടനുകളോടുള്ള ഭയമാണ് കൗംപനോഫോബിയ. ബട്ടനുകൾ ഉള്ള വസ്ത്രങ്ങളോ മറ്റ് വസ്തുക്കളോ തൊടാൻ പോലും ഇവർ ആഗ്രഹിക്കാറില്ല. അതുകൊണ്ടുതന്നെ ബട്ടനുകൾ ഇല്ലാത്ത വസ്ത്രങ്ങളായിരിക്കും ഇവർക്ക് ഉള്ളത്. ബട്ടൻ കണ്ടാൽപ്പോലും ഇവർക്ക് പേടി വരും.
ട്രിപോഫോബിയ
എല്ലാതരത്തിലുമുള്ള സുഷിരങ്ങളെ, വലുതായാലും ചെറുതായാലും ക്രമമുള്ളതായാലും ക്രമരഹിതമായാലും അവയെ ഭയക്കുന്നതാണ് ട്രിപോഫോബിയ. തേനീച്ചക്കൂടോ സുഷിരങ്ങളുള്ള ചീസോ കണ്ടാൽ പോലും ഇത്തരക്കാർ അസ്വസ്ഥരാകും. ഈ അവസ്ഥ വളരെ മോശമായാൽ ചിലരിൽ വിറയലും തലകറക്കവുമൊക്കെ തോന്നും.
ഹിപോപ്പൊട്ടോമോൺസ്ട്രോസെസ്ക്വിപെഡാലിയോഫോബിയ
പേര് കണ്ടപ്പോൾ തന്നെ ഭയം തോന്നിയോ. അതുതന്നെയാണ് ഈ ഫോബിയയുടെ ലക്ഷണം. നീളം കൂടിയ വാക്കുകളോടുള്ള ഭയമാണ് മേൽപ്പറഞ്ഞ ഫോബിയ. അത്തരം വാക്കുകൾ ഉച്ചരിക്കുന്നതിലുള്ള ബുദ്ധിമുട്ട് കാരണം നീളമുള്ള വാക്കുകളെ ഈ ഫോബിയ ഉള്ളവർ ഭയക്കുന്നു. തെറ്റായ ഉച്ചാരണം കാരണം മറ്റുള്ളവരുടെ മുമ്പിൽ നാണം കെടുമോ എന്ന ചിന്തയാണ് ഇവരിൽ നീളമുള്ള വാക്കുകളോട് ഭയമുണ്ടാക്കുന്നത്.
ഹഫേഫോബിയ
മറ്റുള്ളവരുടെ സ്പർശത്തെ, അവർ കെട്ടിപ്പിടിക്കുന്നതിനെ ഭയക്കുന്നതാണ് ഹഫേഫോബിയ.
അറച്ചിബുടൈറോഫോബിയ
പീനട്ട് ബട്ടർ അണ്ണാക്കിൽ ഒട്ടിപ്പിടിക്കുന്നതിനെ ഭയക്കുന്നവരും ഉണ്ടത്രേ. അവരുടെ ഫോബിയ ആണ് അറച്ചിബുടൈറോഫോബിയ.
അബ്ലുടോഫോബിയ
വെള്ളം, സോപ്പ് തുടങ്ങി ശുചിത്വവുമായി ബന്ധപ്പെട്ട വസ്തുക്കൾ ഉപയോഗിക്കാനുള്ള ഭയമാണ് അബ്ലുടോഫോബിയ.
ഈസൊപ്ട്രോഫോബിയ
കണ്ണാടിയിൽ നോക്കുമ്പോൾ ഭയം തോന്നുന്നവരാണ് ഈസൊപ്ട്രോഫോബിയയുള്ളവർ. കണ്ണാടി പൊട്ടുന്നത് മോശം കാര്യമാണെന്ന വിശ്വാസം പൊതുവിലുണ്ട്. പൊട്ടിയ കണ്ണാടിയിൽ നോക്കിയാൽ കണ്ണാടിക്കപ്പുറമുള്ള മറ്റൊരു ലോകത്തിലേക്ക് എത്തുമെന്നും ചിലർ കരുതുന്നു. ഇത്തരം അന്ധവിശ്വാസങ്ങൾ കൊണ്ടായിരിക്കും ചിലർ കണ്ണാടി നോക്കാൻ ഭയപ്പെടുന്നത്.
സാന്തോഫോബിയ
സൂര്യനടക്കം, മഞ്ഞനിറത്തിലുള്ള എന്തിനോടുള്ള ഭയമാണ് സാന്തോഫോബിയ. ചില നാടുകളിൽ മഞ്ഞനിറം മോശം നിറമായും ദൗർഭാഗ്യവും ദുഃഖവും ഉണ്ടാക്കുന്ന നിറമായും കണക്കാക്കപ്പെടുന്നു.
പൊഗോണോഫോബിയ
നീണ്ട താടിയോടുള്ള ഭയമാണ് പൊഗോണോഫോബിയ. ചെറുപ്പകാലത്തെ മോശം അനുഭവങ്ങളായിരിക്കും അതിനുള്ള കാരണം. പല മുത്തശ്ശിക്കഥകളിലും വില്ലൻ കഥാപാത്രങ്ങളെ നീണ്ട താടിയുള്ളവരാക്കി ചിത്രീകരിക്കുന്നതും ഈ ഭയത്തിന് കാരണം.













Discussion about this post