ചൊവ്വന്നൂർ: സേവാഭാരതിക്ക് അരക്കോടിയിലധികം രൂപ വിപണിവില വരുന്ന ഭൂമി സൗജന്യമായി കൈമാറിയ ചേറു അപ്പാപ്പന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഈസ്റ്റർ ആശംസാ കാർഡ് കൈമാറി ബിജെപി പ്രവർത്തകർ. ചേറു അപ്പാപ്പന്റെ വീട്ടിലെത്തിയാണ് പ്രവർത്തകർ ആശംസാ കാർഡ് കൈമാറിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഈസ്റ്റർ സന്ദേശമടങ്ങിയതാണ് ആശംസാ കാർഡ്.
കഴിഞ്ഞ ദിവസമാണ് സ്വന്തം പേരിലുളള 18 സെന്റ് സ്ഥലം സേവാഭാരതിക്ക് സൗജന്യമായി നൽകി കുന്നംകുളം ചൊവ്വൂർ സ്വദേശി ചേറു അപ്പാപ്പൻ വാർത്തകളിൽ ഇടംപിടിച്ചത്. റോഡരികിലുളള സ്ഥലത്ത് കെട്ടിടം നിർമിച്ച് സേവന പ്രവർത്തനങ്ങൾ തുടരണമെന്ന് ആയിരുന്നു ഇദ്ദേഹത്തിന്റെ ആവശ്യം. കോവിഡ് കാലത്ത് ഉൾപ്പെടെ സേവാഭാരതി നടത്തിയിരുന്ന സേവന പ്രവർത്തനങ്ങൾ വിലയിരുത്തിയായിരുന്നു തീരുമാനം.
ചൊവ്വന്നൂർ പഞ്ചായത്ത് 12 ാം വാർഡ് മെമ്പർ അജിത വിശാൽ ആണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം പുറംലോകത്ത് എത്തിച്ചത്. സ്ഥലം കൈമാറാൻ താൽപര്യമുണ്ടെന്ന് അജിത വിശാലിനെ വിളിച്ച് 75 കാരനായ ഇദ്ദേഹം അറിയിക്കുകയായിരുന്നു. ദേശീയ അദ്ധ്യാപക പരിഷത്തിന്റെ തൃശൂർ ജില്ലാ ഭാരവാഹി വർഗീസ് പി.സിയുടെ പിതാവാണ് ചേറു അപ്പാപ്പൻ.












