ഹൈദരാബാദ്: ഐപിഎല്ലിലെ സൂപ്പർ സൺഡേയിൽ സൺറൈസേഴ്സ് ഹൈദരാബാദുമായി സൂപ്പർ പോരാട്ടത്തിന് ഒരുങ്ങുന്ന പഞ്ചാബ് കിംഗ്സ് താരങ്ങളെ സന്ദർശിച്ച് തെലുങ്ക് സൂപ്പർ താരം അല്ലു അർജുൻ. അപ്രതീക്ഷിതമായി എത്തിയ സൂപ്പർ താരത്തിനൊപ്പം സമയം ചിലവഴിച്ച ‘പുഷ്പ‘ ആരാധകരായ പഞ്ചാബ് താരങ്ങൾ, അല്ലുവിനൊപ്പം ഫോട്ടോ എടുത്തു. പഞ്ചാബ് താരങ്ങളായ രാഹുൽ ചഹാർ, ഹർപ്രീത് ബ്രാർ എന്നിവർക്കൊപ്പമുള്ള അല്ലു അർജുന്റെ ചിത്രങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ ആരാധകർ ഏറ്റെടുത്തു.
ഐപിഎല്ലിൽ ഇക്കുറി ശിഖർ ധവാന്റെ നേതൃത്വത്തിൽ ഇറങ്ങിയ പഞ്ചാബ് കിംഗ്സിന് ടൂർണമെന്റിൽ മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്. ആദ്യ മത്സരത്തിൽ മഴ നിയമപ്രകാരം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെയും രണ്ടാം മത്സരത്തിൽ കരുത്തരായ രാജസ്ഥാൻ റോയൽസിനെയുമാണ് പഞ്ചാബ് പരാജയപ്പെടുത്തിയത്. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഞായറാഴ്ചയാണ് പഞ്ചാബ്- ഹൈദരാബാദ് പോരാട്ടം.
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന അല്ലു അര്‍ജുന്‍ ചിത്രം പുഷ്പ 2 ന്റെ പ്രൊമോ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. വനമേഖലയില്‍ വന്യജീവി നിരീക്ഷണത്തിനായി സ്ഥാപിക്കപ്പെട്ട ക്യാമറയിലെ ദൃശ്യങ്ങള്‍ ടെലിവിഷനിലൂടെ ജനം കാണുന്ന രീതിയിലാണ് പ്രൊമോ പുറത്തിറങ്ങിയിരിക്കുന്നത്. 2021ൽ പുറത്തിറങ്ങിയ ‘പുഷ്പ ദി റൈസ്’ വൻ വിജയമായിരുന്നു. അല്ലു അര്‍ജുന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രമായിരുന്നു ഇത്. ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് മാത്രം 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു.
Discussion about this post