ന്യൂഡൽഹി: രാജ്യത്തെ പ്രതിരോധ സാമഗ്രികളുടെ കയറ്റുമതി ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ കണക്ക് പ്രകാരം 16,000 കോടി രൂപയുടെ പ്രതിരോധ സാമഗ്രികളാണ് വിവിധ രാജ്യങ്ങളിലേക്ക് ഇന്ത്യ കയറ്റി അയച്ചിരിക്കുന്നത്.
2014ൽ വെറും 1,941 കോടി രൂപയുടെ പ്രതിരോധ കയറ്റുമതി മാത്രം ഉണ്ടായിരുന്നിടത്ത് നിന്നാണ് ഒൻപത് വർഷം കൊണ്ട് രാജ്യം എട്ട് മടങ്ങിന്റെ വർദ്ധനവ് ഉണ്ടാക്കിയിരിക്കുന്നത്. അടുത്ത 5 വർഷത്തിനുള്ളിൽ 5 ബില്ല്യൺ ഡോളറിന്റെ കയറ്റുമതി എന്നതാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം.
രാജ്യത്തെ പ്രതിരോധ ഉത്പാദക ഹബ്ബാക്കി മാറ്റുക എന്നതാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി കഴിഞ്ഞു. നിലവിൽ 85 രാജ്യങ്ങളിലേക്കാണ് ഇന്ത്യ പ്രതിരോധ സാമഗ്രികൾ കയറ്റി അയക്കുന്നത്. നൂറോളം സ്ഥാപനങ്ങൾ രാജ്യത്ത് പ്രതിരോധ സാമഗ്രികൾ കയറ്റി അയക്കുന്നുണ്ട്. സൂപ്പർസോണിക് ബ്രഹ്മോസ് ക്രൂസ് മിസൈലുകൾ, അത്യാധുനിക ലൈറ്റ് ഹെലികോപ്ടറുകൾ, മൾട്ടി ബാരൽ റോക്കറ്റ് വിക്ഷേപിണി പിനാക, ലഘു ആയുധങ്ങൾ എന്നിവയാണ് പ്രധാനമായും ഇന്ത്യ കയറ്റി അയക്കുന്നത്.
കയറ്റുമതി ഉയരുന്നതിനനുസരിച്ച് രാജ്യത്ത് പ്രതിരോധ സാമഗ്രികളുടെ ഇറക്കുമതി കുറയുകയാണ്. 2011-16 കാലഘട്ടത്തിൽ 12 ശതമാനമായിരുന്നു ഇറക്കുമതിയെങ്കിൽ, 2017 മുതൽ 2022 വരെയുള്ള കാലയളവിലെ ഇറക്കുമതി 11 ശതമാനമാണ്.
40 ഡി ആർ ഡി ഒ ലാബുകൾ, 8 പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങൾ, 40 ഓർഡ്നൻസ് ഫാക്ടറികൾ എന്നിവയാണ് ഇന്ത്യയുടെ പ്രതിരോധ വികസന രംഗത്തിന് കരുത്ത് പകരുന്നത്. കൂടാതെ, പ്രതിരോധ മേഖലയിൽ സ്വകാര്യ പങ്കാളിത്തത്തിനുള്ള വാതിലുകൾ തുറന്നതും ഇന്ത്യക്ക് മുതൽക്കൂട്ടാകുകയാണ്.
സായുധ സേനകളുടെ ആധുനികവത്കരണമാണ് പ്രതിരോധ രംഗത്ത് കേന്ദ്ര സർക്കാർ സവിശേഷ ശ്രദ്ധ പതിപ്പിക്കുന്ന മറ്റൊരു മേഖല. അഞ്ചാം തലമുറ അത്യാധുനിക യുദ്ധവിമാനങ്ങളുടെ നിർമ്മാണത്തിലും ഇന്ത്യൻ പ്രതിരോധ വകുപ്പ് വ്യക്തമായ പദ്ധതികളുമായി മുന്നോട്ട് പോകുകയാണ്.
ജപ്പാൻ, ഇസ്രയേൽ, കൊറിയ, ഗൾഫ് രാജ്യങ്ങൾ എന്നിവരുടെ പ്രതിരോധ ഉത്പാദന കേന്ദ്രങ്ങൾ രാജ്യത്ത് തുറക്കുന്നതും കേന്ദ്ര സർക്കാരിന്റെ പ്രത്യേക പദ്ധതികളുടെ ഭാഗമായാണ്. മികച്ച മാനവവിഭവ ശേഷിയാണ് ഈ രംഗത്ത് രാജ്യത്തിന്റെ കൈമുതൽ. പ്രതിരോധ രംഗത്തെ വൻ ശക്തികളെ ആകർഷിക്കുന്ന തരത്തിലാണ് തമിഴ്നാട്ടിലും ആന്ധ്രാ പ്രദേശിലും പ്രതിരോധ ഇടനാഴികൾ സജ്ജീകരിച്ചിരിക്കുന്നത്.
Discussion about this post