ഇറാൻ; ഹിജാബ് ധരിക്കാത്ത സ്ത്രീകളെ കണ്ടെത്താൻ പൊതു ഇടങ്ങളിലെല്ലാം ക്യാമറകൾ സ്ഥാപിക്കാനൊരുങ്ങി ഇറാൻ പോലീസ്. ഹിജാബ് ധരിക്കാത്ത സ്ത്രീകളെ തിരിച്ചറിഞ്ഞ ശേഷം ഇവരുടെ ഫോണുകളിലേക്ക് മുന്നറിയിപ്പ് സന്ദേശങ്ങൾ അയക്കും. നിയമം ലംഘിച്ചാലുണ്ടാകുന്ന ഭവിഷ്യത്തുകളെ കുറിച്ചായിരിക്കും ഫോൺ സന്ദേശത്തിലുണ്ടാവുക. ഇത്തരത്തിൽ ചില സ്ത്രീകളുടെ ഫോണിലേക്ക് സന്ദേശം അയച്ചു കഴിഞ്ഞുവെന്നും പോലീസ് പ്രസ്താവനയിൽ അറിയിച്ചു.
ഹിജാബ് നിയമത്തിനെതിരായ പ്രതിഷേധങ്ങൾ തടയുക എന്ന ലക്ഷ്യത്തിലാണ് നീക്കം. ഹിജാബിനെതിരായ പ്രതിഷേധങ്ങൾ രാജ്യത്തിന്റെ ആത്മീയ പ്രതിച്ഛായയെ കളങ്കപ്പെടുത്തുകയും അരക്ഷിതാവസ്ഥ ഉണ്ടാക്കുകയും ചെയ്യുമെന്നാണ് ഭരണകൂടത്തിന്റെ വാദം. കഴിഞ്ഞ സെപ്തംബറിലാണ് ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് 22കാരിയായ മഹ്‌സ അമിനിയെന്ന യുവതിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയും, പിന്നീട് കൊലപ്പെടുത്തുകയും ചെയ്തത്. ഇതിനെതിരെ ഇറാനിലെങ്ങും വലിയ പ്രക്ഷോഭമാണ് ഉണ്ടായത്.
നിരവധി സ്ത്രീകൾ ഹിജാബ് ഉപേക്ഷിച്ച് തെരുവിലിറങ്ങി പ്രതിഷേധിക്കുകയും ചെയ്തിരുന്നു. പലയിടങ്ങളിലും ഹിജാബ് ധരിക്കാതെയാണ് സ്ത്രീകൾ ഇപ്പോഴും പുറത്തിറങ്ങുന്നത്. ഇതോടെയാണ് നിയമം കർശനമാക്കാൻ ഭരണകൂടം തീരുമാനിച്ചത്. ഹിജാബ് ധരിക്കാത്തവർക്ക് ആദ്യം ഫോണുകളിലേക്ക് സന്ദേശം നൽകും. വീണ്ടും ഇത് ആവർത്തിച്ചാൽ കടുത്ത ശിക്ഷാ നടപടികളിലേക്കും കടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 1979 മുതലാണ് ഹിജാബ് ധരിക്കണമെന്ന നിയമം രാജ്യത്ത് കർശനമായി നടപ്പാക്കാൻ ആരംഭിച്ചത്.












