ന്യൂഡൽഹി: പഞ്ചാബിൽ ബിജെപിയുടെ കരുത്തുയർത്തി പ്രമുഖ അകാലി ദൾ നേതാക്കൾ കൂട്ടത്തോടെ പാർട്ടിയിൽ. അകാലി ദൾ പ്രമുഖ നേതാവ് ഇന്ദർ ഇഖ്ബാൽ സിംഗ് അട്വാൽ, സർദാർ ജസീത് സിംഗ് അട്വാൽ എന്നിവരും ഇവരുടെ അനുയായികളുമാണ് ബിജെപിയിൽ ചേർന്നത്. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ നേതാക്കൾ ഇവരെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.
അടുത്തിടെയാണ് ഇരുവരും പാർട്ടി നേതൃത്വത്തോടുള്ള അതൃപ്തിയെ തുടർന്ന് പാർട്ടി വിട്ടത്. ഇതിന് പിന്നാലെ അനുയായികളും അകാലി ദൾ വിടുകയായിരുന്നു. എന്നാൽ അടുത്തിടെയാണ് ഇവർ ബിജെപിയിൽ ചേരുമെന്ന സൂചനകൾ പുറത്തുവന്നത്. അതേസമയം തമിഴ്‌നാട്ടിൽ എഐഎഡിഎംകെ നേതാവും മുൻ രാജ്യസഭാ അംഗവുമായ ഡോ. മൈത്രേയനും ബിജെപിയിൽ ചേരും.
കഴിഞ്ഞ രണ്ട് ദിവസമായി വിവിധ സംസ്ഥാനങ്ങളിൽ മറ്റ് പാർട്ടിയിലെ നേതാക്കൾ ബിജെപിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ആന്ധ്രാപ്രദേശിൽ മുൻ മുഖ്യമന്ത്രിയായിരുന്ന കിരൺ കുമാർ റെഡ്ഡി ബിജെപിയിൽ ചേർന്നിരുന്നു. ഇന്നലെ ഇന്ത്യയുടെ പ്രഥമ ഗവർണർ ജനറലായ സി രാജഗോപാലാചാരിയുടെ കൊച്ചുമകനും കോൺഗ്രസ് നേതാവുമായിരുന്ന സിആർ കേശവനും ബിജെപിയിൽ ചേർന്നിരുന്നു.
Discussion about this post