മുംബൈ: മഹാരാഷ്ട്രയിലെ അകോലയിൽ ഷെഡിലേക്ക് കൂറ്റൻ മരം വീണ് ഏഴ് പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. കനത്ത കാറ്റിലും മഴയിലുമാണ് ക്ഷേത്രത്തിന് സമീപം നിന്നിരുന്ന കൂറ്റൻ വേപ്പ് മരം ഷെഡ്ഡിലേക്ക് വീഴുന്നത്.
സംഭവസമയം പ്രദേശത്തേ ക്ഷേത്രത്തിൽ പൂജ നടക്കുന്നുണ്ടായിരുന്നു. മഴ നനയാതിരിക്കാൻ ഷെഡ്ഡിൽ കയറി നിന്നവരാണ് അപകടത്തിൽ പെടുന്നത്. 40ഓളം ആളുകളാണ് മരം വീഴുമ്പോൾ ഷെഡ്ഡിലുണ്ടായിരുന്നത്. പരിക്കേറ്റവരെ അകോള മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അപകടം ഉണ്ടായതിന് പിന്നാലെ അഗ്നിരക്ഷാ വിഭാഗം പ്രവർത്തകർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ജെസിബി ഉപയോഗിച്ചാണ് മരക്കൊമ്പ് മുറിച്ച് മാറ്റി തകർന്ന ഷെഡ്ഡ് ഉയർത്തിയത്. സംഭവത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ പെട്ടവർക്ക് സംസ്ഥാന സർക്കാർ എല്ലാവിധ സഹായങ്ങളും നൽകുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
കളക്ടറും പോലീസ് സൂപ്രണ്ടും ഉൾപ്പെടെ ഉള്ളവർ അപകടസ്ഥലം സന്ദർശിച്ചു. പരിക്കേറ്റവർക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.
Discussion about this post