അമേരിക്കയിലെ സൗത്ത് ടെക്സസിലുള്ള റിയോ ഗ്രാൻഡ് വാലിയിൽ രാത്രിയിലിറങ്ങിയ വിചിത്ര ജീവി ഏതാണെന്നറിയാൻ സോഷ്യൽ മീഡിയയുടെ സഹായം തേടി ഉദ്യോഗസ്ഥർ. ഗെയിം ക്യാമറയിൽ പതിഞ്ഞ ജീവിയുടെ ദൃശ്യം സൂക്ഷ്മമായി പരിശോധിച്ച് ജീവി ഏതാണെന്ന് തിരിച്ചറിയാനുള്ള ശ്രമത്തിന്റെ ഭാഗമായി ബെൻസ്റ്റെൻ-റിയോ ഗ്രാൻഡ് വാലി സ്റ്റേറ്റ് പാർക്കിലെ ഉദ്യോഗസ്ഥർ ഈ ജീവി ഏതാണെന്ന് ആർക്കെങ്കിലും അറിയാമോ എന്ന് ചോദിച്ച് ഫേസ്ബുക്കിൽ ഫോട്ടോ സഹിതം പോസ്റ്റ് ഇടുകയായിരുന്നു.
രോമാവൃതമായ,നീളം കുറഞ്ഞ ശരീരമുള്ള ഈ നാലുകാലുള്ള ജീവി രാത്രിയിൽ പാർക്കിലൂടെ നടക്കുന്നതിന്റെ ദൃശ്യമാണ് ക്യാമറയിൽ പതിഞ്ഞിരിക്കുന്നത്.
ഉദ്യോഗസ്ഥർക്ക് പിടിതരാതെ ഒഴിഞ്ഞുമാറിയ ഈ അജ്ഞാത ജീവി ഏതാണെന്നറിയാൻ തങ്ങൾ തലപുകച്ചുകൊണ്ടിരിക്കുകയാണെന്നും ടെക്സസ് മേഖലയിലുള്ള ഈ പാർക്കിലെ ഉദ്യോഗസ്ഥർ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഇതൊരു പുതിയ ജീവിവർഗ്ഗമാണോ എന്നും അടുത്തുള്ള മറ്റേതെങ്കിലും മൃഗശാലയിൽ നിന്നും രക്ഷപ്പെട്ട ജീവിയാണോ എന്നും അതോ വേഷം മാറിവന്ന മറ്റാരെങ്കിലും ആണോ എന്നുമെല്ലാം പോസ്റ്റിനൊപ്പം ഉദ്യോഗസ്ഥർ സംശയം ഉന്നയിച്ചിട്ടുണ്ട്.
കരടി പോലെയുള്ള ഈ ജീവി, കരടി അല്ലെങ്കിൽ ആരെങ്കിലും വേഷം മാറി വന്നതായിരിക്കാമെന്നും ടെക്സസ് എലി ആയിരിക്കാമെന്നുമെല്ലാം അഭിപ്രായം പ്രകടിപ്പിച്ച് നിരവധി ഫേസ്ബുക്ക് ഉപയോക്താക്കൾ പോസ്റ്റിന് കമന്റ് ഇട്ടിട്ടുണ്ട്. നീർനായ, അമേരിക്കയിൽ കണ്ടുവരുന്ന വോൾവെറീൻ, കാപിബാബാര തുടങ്ങിയ ജീവികളായിരിക്കാനുള്ള സാധ്യതയും സോഷ്യൽ മീഡിയ ഉപയോക്താക്കൾ മുന്നോട്ടുവെച്ചിട്ടുണ്ട്.
അതേസമയം ഉപയോക്താക്കളുടെ ഊഹങ്ങൾ കൂടി കണക്കിലെക്കുമ്പോൾ ഈ ജീവി അമേരിക്കയിൽ കണ്ടുവരുന്ന ഒരുതരം നീർനായ ആയിരിക്കാം എന്ന് പാർക്ക് ഉദ്യോഗസ്ഥർ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. അമേരിക്കൻ ബാഡ്ജെറെന്ന ഈ ജീവി സാധാരണയായി ഈ വാലിയിൽ കാണാറില്ലെങ്കിലും രാത്രികാല ജീവിയായ ബാഡ്ജറിന്റെ ആവാസവ്യവസ്ഥയാണ് ഈ മേഖലയെന്നും പാർക്ക് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.













Discussion about this post