അമൃത്സർ: ഒളിവിൽ പോയി ഒരു മാസമായിട്ടും ഖാലിസ്ഥാൻ നേതാവ് അമൃത്പാൽ സിംഗിനെ പിടികൂടാനാകാതെ പഞ്ചാബ് പോലീസ്. ഇയാൾ അതിർത്തി കടന്ന് നേപ്പാളിലേക്ക് കടന്നിട്ടുണ്ടാകാമെന്നാണ് സൂചന. വിഷയത്തിൽ നേപ്പാൾ പോലീസും അതീവ ജാഗ്രതയിലാണുള്ളത്. അമൃത്പാലിനെ രാജ്യത്തിന്റെ നിരീക്ഷണ പട്ടികയിൽ നേരത്തെ തന്നെ ഉൾപ്പെടുത്തിയിരുന്നു. ഇന്ത്യൻ എംബസിയുടെ അഭ്യർത്ഥനയെത്തുടർന്നാണ് നേപ്പാൾ ഇമിഗ്രേഷൻ വകുപ്പ് കഴിഞ്ഞ മാസം അമൃത്പാൽ സിംഗിനെ നിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്തിയത്.
എന്നാൽ അമൃത്പാൽ നേപ്പാളിൽ എത്തിയെന്ന തരത്തിൽ യാതൊരു വിവരവും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് നേപ്പാൾ പോലീസ് വക്താവ് പോഷ്രാജ് പൊഖരാജ് പൊഖാരെൽ പറഞ്ഞു, ” നേപ്പാൾ പോലീസ് അതീവ ജാഗ്രതയിലാണ്. അമൃത്പാലിനെ തേടി ഇന്ത്യൻ സുരക്ഷാ ഉദ്യോഗസ്ഥർ നേപ്പാളിലേക്ക് എത്തിയെന്ന വാർത്തകളിൽ സത്യമില്ലെന്നും” അദ്ദേഹം പറഞ്ഞു. അമൃത്പാൽ സിംഗിന്റെ അടുത്ത സഹായി പപ്പൽപ്രീത് സിംഗിനെ അമൃത്സറിൽ നിന്ന് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. മാർച്ച് 18ന് അമൃത്പാലിനൊപ്പമാണ് പപ്പൽപ്രീതും പോലീസിനെ വെട്ടിച്ച് രക്ഷപെട്ടത്.
അതേസമയം അമൃത്പാൽ സിംഗ് ഈ മാസം സിഖുകാരുടെ യോഗം വിളിച്ചതിന് പിന്നാലെ ഏപ്രിൽ 14 വരെ എല്ലാ പോലീസുകാരുടേയും അവധി റദ്ദാക്കി പഞ്ചാബ് പോലീസ് ഉത്തരവിറക്കി. ഈ മാസം 14ന് പഞ്ചാബിലെ ബതിൻഡയിൽ സർബത് ഖൽസ സമ്മേളനം വിളിച്ച് ചേർക്കാനാണ് അമൃത്പാൽ നിർദ്ദേശം നൽകിയത്. 1986ലും 2015ലും മാത്രമാണ് ഇതിന് ‘സർബത്ത് ഖൽസ’ സഭ വിളിച്ച് ചേർത്തിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് എല്ലാ ഗസറ്റഡ്, നോൺ ഗസറ്റഡ് ഓഫീസർമാരുടേയും അവധികൾ റദ്ദാക്കിയതായി പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് അറിയിച്ചത്. ഉദ്യോഗസ്ഥർക്ക് ഇത് സംബന്ധിച്ചുള്ള സന്ദേശം കൈമാറിക്കഴിഞ്ഞു. നേരത്തെ അനുവദിച്ച് കിട്ടിയ അവധികൾ റദ്ദാക്കുകയും, അവധിയിൽ പോയ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കാനും തീരുമാനമായി. വിഘടനവാദികളുടെ കൂട്ടായ്മയായ അകാൽ തഖ്തിനാണ് അമൃത്പാൽ നിർദ്ദേശം കൈമാറിയത്. ബട്ടിൻഡയിലെ ദംദാമ സാഹിബിലേക്ക് സിഖുകാരുടെ യാത്ര നടത്തണമെന്നാണ് അമൃത്പാൽ പറഞ്ഞിരിക്കുന്നത്.
Discussion about this post