കോഴിക്കോട്: എലത്തൂരിൽ കുട്ടിയുൾപ്പെടെ മൂന്ന് തീവണ്ടിയാത്രികരുടെ മരണത്തിന് ഇടയാക്കിയ തീവയ്പ്പ് കേസിൽ ദുരൂഹത വർദ്ധിക്കുന്നു. ഡൽഹിയിൽ നിന്നും പ്രതി ഷാറൂഖ് സൈഫി കോഴിക്കോട്ടേയ്ക്കാണ് ആദ്യം ടിക്കറ്റ് എടുത്തിരുന്നത് എന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. എന്നാൽ ഇയാൾ ഷൊർണ്ണൂരിറങ്ങി. നേരത്തെ തയ്യാറാക്കിയ ആസൂത്രണത്തിന്റെ ഭാഗമായി അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്തത് എന്നാണ് വിവരം.
പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സമ്പർക്ക ക്രാന്തി എക്‌സ്പ്രസിൽ ഷാറൂഖ് ഷൊർണ്ണൂരിൽ എത്തിയത്. അന്നേ ദിവസം രാത്രിവരെ ഇയാൾ ഷൊർണ്ണൂരിൽ തന്നെയുണ്ടായിരുന്നു. ചോദ്യം ചെയ്യലിൽ താൻ ഇറങ്ങിയ സ്ഥലം അറിയില്ലെന്നാണ് ഷാറൂഖ് പറഞ്ഞിരിക്കുന്നത്. എന്നാൽ പേര് പോലും അറിയാത്ത സ്ഥലത്ത് മണിക്കൂറുകളോളം ഇയാൾ എന്ത് ചെയ്യുകയായിരുന്നു എന്ന കാര്യം ദുരൂഹമാണ്.
വൈകീട്ടോടെയാണ് ഇയാൾ സമീപത്തെ പമ്പിലേക്ക് പെട്രോൾ വാങ്ങാൻ പോയത്. ഇതിന് ശേഷം രാത്രി 7.19 നാണ് ഇയാൾ എക്‌സിക്യൂട്ട് എക്‌സ്പ്രസിൽ കയറുന്നത്. ഇത്രയും മണിക്കൂറുകൾ ഷൊർണ്ണൂരിൽ ചിലവഴിക്കാൻ ഷാറൂഖിന് മറ്റാരുടേയോ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. കൂട്ടാളികളുമായാണോ എത്തിയത് എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.
അതേസമയം ഷാറൂഖിൽ നിന്നും നിർണായകമായ ഒരു മൊഴിയും ലഭിക്കാത്തത് അന്വേഷണ സംഘത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്. പെട്രോൾ ഒഴിച്ച് കൊലപ്പെടുത്തിയത് താൻ ആണെന്ന് മാത്രമാണ് ഷാറൂഖ് പോലീസിനോട് പറഞ്ഞിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.
Discussion about this post