ന്യൂഡൽഹി : ആർഎസ്എസ് റൂട്ട് മാർച്ചിനെതിരായി തമിഴ്നാട് സർക്കാർ നൽകിയ ഹർജി തള്ളി സുപ്രീം കോടതി. റൂട്ട് മാർച്ചിന് അനുമതി നൽകിയ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെക്കുകയായിരുന്നു. റൂട്ട് മാർച്ചിന് അനുമതി നൽകാൻ മദ്രാസ് ഹൈക്കോടതി പോലീസിന് നിർദ്ദേശം നൽകിയിരുന്നു. ഈ നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.
നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) റൂട്ട് മാർച്ചുകൾക്ക് നേരെ ആക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയ സാഹചര്യത്തിലാണ് അനുമതി നിഷേധിക്കുന്നത് എന്നായിരുന്നു സംസ്ഥാന സർക്കാർ വിശദീകരണം. എന്നാൽ ഫെബ്രുവരി 10 ന് മദ്രാസ് ഹൈക്കോടതി റൂട്ട് മാർച്ചുകൾക്ക് അനുമതി നൽകി.
റൂട്ട് മാര്‍ച്ച് നടത്താനായി മൂന്ന് തീയതികള്‍ നിര്‍ദ്ദേശിക്കാനും പോലീസിന്റെ അനുമതിക്ക് അപേക്ഷിക്കാനുമായിരുന്നു നിര്‍ദ്ദേശം. അപേക്ഷ നിയമാനുസൃതം പരിഗണിക്കണമെന്ന് പോലീസിനോട് നിര്‍ദേശിച്ചു. അതോടൊപ്പം ആരെയും പ്രകോപിക്കാതെ മാര്‍ച്ച് സംഘടിപ്പിക്കാന്‍ ആര്‍എസ്എസിനോടും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി റൂട്ട് മാര്‍ച്ചിന് അനുമതി നിഷേധിച്ച സിംഗിള്‍ ബെഞ്ച് വിധി റദ്ദാക്കി കൊണ്ടായിരുന്നു ജസ്റ്റിസുമാരായ ആര്‍.മഹാദേവന്‍, മുഹമ്മദ് ഷെഫീഖ് എന്നിവരുടെ ബഞ്ചിന്റെ ഉത്തരവ്.
Discussion about this post