ന്യൂഡൽഹി: 1984ലെ സിഖ് വിരുദ്ധ കലാപത്തിലെ പുൽ ബംഗാശ് ഗുരുദ്വാര കേസിൽ സിബിഐക്ക് മുന്നിൽ ഹാജരായി ശബ്ദ സാംപിൾ നൽകി കോൺഗ്രസ് നേതാവ് ജഗദീശ് ടൈറ്റ്ലർ. സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറി, ടൈറ്റ്ലറുടെ ശബ്ദ സാംപിൾ പരിശോധിക്കും. കലാപത്തിൽ തനിക്ക് പങ്കില്ല എന്ന പല്ലവി ടൈറ്റ്ലർ സിബിഐക്ക് മുന്നിൽ ആവർത്തിച്ചു.
മൂന്ന് സിഖുകാർ കൊല്ലപ്പെട്ട 1984ലെ പുൽ ബംഗാശ് കേസിൽ കലാപകാരികളെ നയിച്ചത് ടൈറ്റ്ലർ ആയിരുന്നു എന്നാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്. കേസിൽ ആദ്യം സിബിഐ ടൈറ്റ്ലർക്ക് ക്ലീൻ ചിറ്റ് നൽകിയിരുന്നു. എന്നാൽ 2015 ഡിസംബർ 4ലെ കോടതി ഉത്തരവ് പ്രകാരം കേസ് പുനരന്വേഷിക്കാൻ തീരുമാനിക്കുകയായിരുന്നു.
1984ൽ ഇന്ദിര ഗാന്ധി വധത്തിന് ശേഷം നടന്ന സിഖ് വിരുദ്ധ കലാപത്തിൽ പതിനായിരങ്ങളാണ് കൊല്ലപ്പെട്ടത്. കലാപവുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റെ നിരവധി നേതാക്കൾക്കെതിരെ പിന്നീട് അന്വേഷണ ഏജൻസികൾ കേസുകൾ എടുത്തിരുന്നു. സിഖ് വിരുദ്ധ കലാപങ്ങളുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന കോൺഗ്രസ് നേതാക്കളിൽ പ്രമുഖനാണ് മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽ നാഥ്.
Discussion about this post