തിരുവനന്തപുരം; ലോകായുക്തയെ വിമർശിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ദുരിതാശ്വാസനിധി കേസ് മൂന്നംഗ ബെഞ്ചിനു വിട്ട നടപടി പുനഃപരിശോധിക്കണമെന്ന ഹർജി തള്ളിയ ലോകായുക്തയുടെ ഉത്തരവ് ലോകായുക്ത ഉണ്ട വിരുന്നിന് നന്ദി കാട്ടിയതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേസിന്റെ തുടക്കം മുതൽ ഓരോ ഘട്ടത്തിലും മുഖ്യമന്ത്രിയെ രക്ഷിക്കാൻ ലോകായുക്ത നടത്തിയ അട്ടിമറികൾ പ്രകടമാണ്. ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരിക്കേ രാജ്യത്തിനു മാതൃകയായി തുടക്കമിട്ട ലോകായുക്തയുടെ ഉദകക്രിയ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയെന്ന് അവകാശപ്പെടുന്ന പിണറായി വിജയന്റെ കൈകൾകൊണ്ടു തന്നെ ചെയ്തു എന്നതിൽ പാർട്ടിക്ക് അഭിമാനിക്കാമെന്ന് സുധാകരൻ പരിഹസിച്ചു.
ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതൻ പിണറായി’ എന്ന ഉശിരൻ തിരുവാതിരപ്പാട്ടാണ് ലോകായുക്തയുടെ തിരുമുറ്റത്ത് അലയടിക്കുന്നതെന്ന് സുധാകരൻ വിമർശിച്ചു.കടിക്കുകയും കുരയ്ക്കുകയുമില്ലാത്ത ഒരു സംവിധാനമായി ലോകായുക്തയെ മാറ്റി. ഈ ഉത്തരവാദിത്വത്തിൽ നിന്ന് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നും സുധാകരൻ പറഞ്ഞു
2022ൽ മൂന്നുവർഷംകൊണ്ട് വിചാരണ പൂർത്തിയാക്കിയെങ്കിലും വിധി പറയാതെ നീട്ടിക്കൊണ്ടു പോയി. ഹൈക്കോടതി ഇടപെട്ടതിനുശേഷം മാത്രമാണ് ഇപ്പോൾ ലോകായുക്ത കേസ് വീണ്ടും പരിഗണനയ്ക്ക് എടുത്തത്. അപ്പോഴാണ് ദുരിതാശ്വാസനിധി കേസ് ലോകായുക്തയ്ക്ക് പരിഗണനയ്ക്ക് എടുക്കാമോ എന്ന സന്ദേഹം ഉണ്ടായതും കേസ് ആദ്യം മുതൽ വീണ്ടും പരിഗണിക്കാനായി ഫുൾബെഞ്ചിന് വിട്ട് അനന്തമായി നീട്ടാനുള്ള നാടകം കളിച്ചതുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.












