ലക്നൗ : ഉത്തർപ്രദേശിൽ എംഎൽഎ വധക്കേസിലെ സാക്ഷിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും ഗുണ്ടാ തലവനുമായ ആതിഖ് അഹമ്മദിന്റെ മകൻ അസദ് ഏറ്റുമുട്ടലിനിടെയാണ് കൊല്ലപ്പെട്ടത്. യുപി പോലീസിന്റെ സ്പെഷ്യൽ ടാസ്കിന്റെ നേതൃത്വത്തിലാണ് ഏറ്റുമുട്ടൽ നടന്നത്. 12 ഓഫീസർമാർ ഈ ഓപ്പറേഷനിൽ ഉൾപ്പെട്ടിരുന്നു. ഉമേഷ് പാൽ വധക്കേസിൽ പോലീസ് തിരയുന്നയാളായിരുന്നു അസദ്.
ഉമേഷ് പാൽ വധക്കേസിൽ പോലീസ് തിരഞ്ഞ മറ്റൊരു പ്രതി ഗുലാമും ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടു. പോലീസ് വളഞ്ഞതോടെ ഇവർ വെടിയുതിർക്കുകയായിരുന്നു. പ്രതികൾ പിസ്റ്റൾ ഉപയോഗിച്ചാണ് പ്രത്യാക്രമണം നടത്തിയത്. കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും പ്രതികൾ തയ്യാറായില്ല. പിന്നാലെ ഉണ്ടായ വെടിവയ്പ്പിലാണ് ഇരുവരും കൊല്ലപ്പെടുന്നത്. ഇവരിൽ നിന്ന് അത്യാധുനിക ആയുധങ്ങൾ, പുതിയ സെൽഫോണുകൾ, സിം കാർഡുകൾ ബ്രിട്ടീഷ് ബുൾ ഡോഗ് റിവോൾവർ പിസ്റ്റൾ എന്നിവ പോലീസ് കണ്ടെടുത്തു.
ഇതിന് പിന്നാലെ ഓപ്പറേഷനിൽ പങ്കെടുത്ത എല്ലാ ഉദ്യോഗസ്ഥരെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഭിനന്ദിച്ചു. ഇത് തന്റെ മകനുള്ള ആദരമാണെന്ന് കൊല്ലപ്പെട്ട ഉമേഷ് പാലിന്റെ അമ്മ ശാന്തി ദേവി പറഞ്ഞു. തന്റെ ഭർത്താവിന് നീതി ഉറപ്പാക്കിയതിന് ഉമേഷ് പാലിന്റെ ഭാര്യ ജയപാൽ യോഗി ആദിത്യനാഥിനോട് നന്ദി അറിയിച്ചു.
അതേസമയം തന്റെ മകന്റെ മരണവാർത്തയറിഞ്ഞ അതിഖ് മുഹമ്മദ് കോടതിയിൽ കുഴഞ്ഞുവീണു. മകന്റെ മരണത്തിന് കാരണക്കാരൻ താനാണെന്നാണ് അതിഖ് മുഹമ്മദ് പറയുന്നത്.
Discussion about this post