പൂമ്പാറ്റകളെ ആർക്കാണ് ഇഷ്ടമല്ലാത്തത്. കടുംനിറങ്ങളും പലവിധ ചിത്രപ്പണികളോട് കൂടിയ നേർത്ത ചിറകുകളുമെല്ലാം പൂമ്പാറ്റകളുടെ പ്രത്യേകതകളാണ്. ലെപിഡോപ്റ്റെറ എന്ന ഷഡ്പദ വിഭാഗത്തിലാണ് ചിത്രശലഭങ്ങളുടെ സ്ഥാനം. ചിത്രശലഭങ്ങൾ തന്നെ പലവിധമുണ്ട്. പൂവുകൾ തോറും പാറിനടന്ന് തേൻ നുകരുന്ന പൂമ്പാറ്റകൾ പരാഗണത്തിലും പ്രധാന പങ്ക് വഹിക്കുന്നു.
പക്ഷേ ഇതൊന്നുമല്ലാതെ പൂമ്പാറ്റകൾക്ക് മറ്റ് പല സ്വഭാവങ്ങളും ഉണ്ട്. അതിൽ നമുക്കറിയാത്ത, വളരെ പ്രത്യേകമായ ചില സവിശേഷതകളുമുണ്ട്. ഐഎഫ്എസ് ഓഫീസറായ പ്രവീൺ കസ്വാൻ കഴിഞ്ഞിടെ ട്വിറ്ററിൽ പങ്കുവെച്ച വീഡിയോ പൂമ്പാറ്റകളുടെ അത്തരമൊരു സവിശേഷതയാണ് കാണിക്കുന്നത്.
Called as mud puddling. Where butterflies gather to collect salts. From a random visit. pic.twitter.com/bsJH1VjZNg
— Parveen Kaswan, IFS (@ParveenKaswan) April 11, 2023
ഒരു വെള്ളക്കെട്ടിന് ചുറ്റും ഒരു വലിയ സംഘം പൂമ്പാറ്റകൾ വട്ടം കൂടിയിരിക്കുന്നു. ഇവയിൽ മിക്കവയും വെള്ളത്തിലല്ല ഇരിക്കുന്നത്. പക്ഷേ നിരവധി പൂമ്പാറ്റകൾ ഊ കൂട്ടത്തിനിടയിൽ തങ്ങൾക്ക് കൂടി ഇരിക്കാൻ ഇടം തിരയുന്നു. എന്തായിത് പൂമ്പാറ്റകളുടെ വട്ടമേശ സമ്മേളനമോ അതോ കലക്കവെള്ളത്തിൽ നിന്ന് മീൻപിടിക്കലോ എന്ന് തെറ്റിദ്ധരിക്കുന്നവർക്ക് പ്രവീൺ കസ്വാൻ തന്നെ വിശദീകരണവും നൽകുന്നുണ്ട്. mud puddling എന്ന പ്രക്രിയ ആണ് ഇതെന്നും, പൂമ്പാറ്റകൾ ലവണങ്ങൾ ശേഖരിക്കുന്ന പ്രക്രിയ ആണതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഒരു യാത്രക്കിടെ വളരെ അവിചാരിതമയാണ് താൻ ഈ കാഴ്ച ഷൂട്ട് ചെയ്തതെന്നും പ്രവീൺ പറയുന്നുണ്ട്.
സാധാരണയായി ആൺ ചിത്രശലഭങ്ങളാണ് ഇത് ചെയ്യാറുള്ളതെന്നും മറ്റൊരു ട്വീറ്റിൽ പ്രവീൺ പറയുന്നുണ്ട്. പെൺ ചിത്രശലഭങ്ങളെ ആകർഷിക്കുന്നതിന് വേണ്ടിയാണ് ആൺ ശലഭങ്ങൾ ലവണങ്ങളും ഫിറമോണുകളും ശേഖരിക്കുന്നത്. ചെറിയ വെള്ളക്കെട്ട്, ചാണകം, ചെളി എന്നിവിടങ്ങളിൽ നിന്നുമാണ് സാധാരണയായി ചിത്രശലഭങ്ങൾ ഇവ ശേഖരിക്കുക.
ചിത്രശലഭത്തെ കുറിച്ചുള്ള പുതിയൊരു അറിവാണിതെന്ന് നിരവധി പേർ വീഡിയോയ്ക്ക് കമന്റുകൾ ഇട്ടിട്ടുണ്ട്.
Discussion about this post