ലണ്ടന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബ്രിട്ടന് ചുവപ്പ് പരവതാനി വിരിച്ച് സ്വീകരിയ്ക്കുകയല്ല മോദിയ്ക്കെതിരെ ചുവപ്പ് കൊടി ഉയര്‍ത്തുകയാണ് വേണ്ടിയിരുന്നതെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍. മോദി സര്‍ക്കാരിന്റെ മനുഷ്യാവകാശ ലംഘനങ്ങളില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പ്രതിഷേധം അറിയിയ്ക്കണമായിരുന്നുവെന്നും ആംനസ്റ്റി ഇന്റര്‍നാഷണല്‍ അഭിപ്രായപ്പെട്ടു.
ഇന്ത്യയില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരും എന്‍.ജി.ഒകളും തങ്ങളുടെ ജോലി ചെയ്യുന്നതില്‍ കടുത്ത വെല്ലുവിളി നേരിടുകയാണ്. സാമൂഹ്യപ്രവര്‍ത്തകരുടെ ഫണ്ട് റദ്ദാക്കുകയും അവരെ ദേശവിരുദ്ധരായി ചിത്രീകരിയ്ക്കുകയും ചെയ്യുന്നുണ്ടെന്ന് ആംനസ്റ്റി നയ രൂപീകരണ സമിതി അദ്ധ്യക്ഷന്‍ അലന് ഹൊഗാര്‍ത്ത് ആരോപിച്ചു.
മോദി നിശബ്ദരാക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്ക് വേണ്ടിയാവണം ഡേവിഡ് കാമറോണ്‍ സംസാരിയ്ക്കേണ്ടത്. ഒരു രാജ്യം എന്‍.ജി.ഒകളെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നത് അതിന്റെ അന്താരാഷ്ട്ര നിലപാടിനേയും വീക്ഷണത്തേയും വ്യക്തമാക്കുമെന്നും അലന് ഹൊഗാര്‍ത്ത് അഭിപ്രായപ്പെട്ടു.
ഗ്രീന്‍പീസിന്റെ ലൈസന്‍സ് റദ്ദാക്കിയതും കഴിഞ്ഞ വര്‍ഷം 10,000 ത്തോളം എന്‍.ജി.ഒ കളുടെ രജിസ്ട്രേഷന് റദ്ദാക്കുകയും വിദേശ ഫണ്ട് സ്വീകരിയ്ക്കുന്നതില്‍ നിന്ന് വിലക്കിയതും ഹൊഗാര്‍ത്ത് ചൂണ്ടിക്കാണിച്ചു. വിമര്‍ശകര്‍ക്കും എതിര്‍പ്പ് ഉയര്‍ത്തുന്നവര്‍ക്കും നേരെ ഇന്ത്യയില്‍ അസഹിഷ്ണുതയും അക്രമവും വ്യാപകമായിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Discussion about this post