എറണാകുളം: കേരളത്തിന്റെ വികസന പ്രവർത്തനങ്ങളെ അട്ടി മറിയ്ക്കാനുള്ള കേന്ദ്രത്തിന്റെ ഗൂഢനീക്കത്തിന്റെ ഫലമാണ് വന്ദേഭാരത് ട്രെയിനുകളെന്ന് ഡിവൈഎഫ്‌ഐ. സംസ്ഥാനത്തിന് സ്വാഭാവികമായി ലഭിക്കേണ്ട തീവണ്ടിയാണ് വന്ദേഭാരത്. അതിനെ കൊട്ടിഘോഷിക്കേണ്ട കാര്യമില്ലെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് പറഞ്ഞു. വന്ദേഭാരത് ട്രെയിൻ കേരളത്തിൽ എത്തിയതിന് പിന്നാലെയായിരുന്നു സനോജിന്റെ പ്രതികരണം.
വന്ദേഭാരത് ട്രെയിനുകൾ ഇത്ര പെട്ടെന്ന് കേരളത്തിൽ എത്തിയതിന് പിന്നിൽ രാഷ്ട്രീയ അജണ്ടയാണ്. കേരളത്തിന് സ്വാഭാവികമായി ലഭിക്കേണ്ട തീവണ്ടിയാണ് വന്ദേഭാരത്. അതിനെ വലിയ സംഭവമായി കാണേണ്ടതിന്റെയോ കൊട്ടി ഘോഷിക്കേണ്ടതിന്റെയോ ആവശ്യമില്ല. കേന്ദ്രത്തിന്റേത് കപട രാഷ്ട്രീയമാണെന്നും സനോജ് ആരോപിച്ചു.
ട്രെയിൻ യാത്രകൾക്ക് ഒട്ടും സുരക്ഷയില്ലാത്ത കാലമാണ് ഇപ്പോൾ ഉള്ളത്. എന്നാൽ ഇതിൽ കേന്ദ്രത്തിന് ശ്രദ്ധയില്ല. കേരളത്തിലെ വികസനങ്ങളെ അട്ടിമറിയ്ക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. ഇതിനുള്ള ശ്രമമാണ് വന്ദേഭാരത് എക്‌സ്പ്രസ് എന്നും സനോജ് കൂട്ടിച്ചേർത്തു.
അതേസമയം ട്രെയിനിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എംപി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്ത് നൽകി. വന്ദേഭാരതിന് പത്തനംതിട്ടയിലും ആലപ്പുഴയിലും സ്റ്റോപ്പുകൾ ഇല്ല. കേരളത്തിലെ തന്നെ രണ്ട് പ്രധാനപ്പെട്ട സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഇല്ലാത്തത് ശരിയായില്ല. അതിനാൽ സ്റ്റോപ്പ് അനുവദിക്കണമെന്നുമാണ് എംപിയുടെ ആവശ്യം.












