ലക്നൗ : ഗുണ്ടാ നേതാവും രാഷ്ട്രീയക്കാരനുമായ അതീഖ് അഹമ്മദിനെയും സഹോദരൻ അഷ്റഫിനെയും കൊലപ്പെടുത്തിയ സംഘത്തിലെ അക്രമികൾ കൊടും കുറ്റവാളികളെന്ന് കണ്ടെത്തൽ. ലവ്ലേഷിനെതിരെ 406 ക്രിമിനൽ കേസുകളാണ് നിലവിലുള്ളത്. അരുൺ മൗലിയ എന്ന കാലിയയ്ക്കെതിരെ കൊലപാതക കുറ്റം ചുമത്തി കേസുണ്ട്. സണ്ണിക്ക് ക്രിമിനൽ-ഗുണ്ടാ ഗാങ്ങുകളുമായി ബന്ധമുളളതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
പ്രയാഗ് രാജ് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോൾ മാദ്ധ്യമപ്രവർത്തകരെന്ന വ്യാജേന എത്തിയ അക്രമി സംഘം അതീഖിനെയും സഹോദരനെയും വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.
കേസിലെ മുഖ്യപ്രതികളിൽ ഒരാളായ ലവ്ലേഷ് തിവാരിക്കെതിരെ 406 ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഇയാളുടെ രണ്ട് സഹോദരങ്ങൾ പുരോഹിതന്മാരാണ്. ഒരു സഹോദരൻ വിദ്യാർത്ഥിയാണ്. വാടക വീട്ടിലാണ് കുടുംബം താമസിക്കുന്നത്. ക്രിമിനൽ കേസുകളിൽ പ്രതിയായ ലവ്ലേഷ് നിരവധി തവണ തടവ് ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
കുറ്റവാളികളുടെ ലോകത്ത് സ്വന്തമായി ഒരു പേര് സമ്പാദിക്കണമെന്നാണ് ഇയാൾ ആഗ്രഹിച്ചിരുന്നത്. പണ്ട് പതിവായി ക്ഷേത്ര ദർശനം നടത്തിയിരുന്നയാളായിരുന്നു ലവ്ലേഷ് എന്ന് അമ്മ പറഞ്ഞു. എന്നാൽ വീട് വിട്ട് പോയതിന് ശേഷം പിന്നീട് ഇതുവരെ കണ്ടിട്ടില്ല. അവന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. തനിക്കും തന്റെ കുടുംബത്തിനും ഇതിൽ യാതൊരു പങ്കുമില്ലെന്ന് ലവ്ലേഷിന്റെ അച്ഛൻ പറഞ്ഞു. അവൻ ജോലിക്കൊന്നും പോകാറില്ലെന്നും ലഹരിക്കടിമയാണെന്നും അച്ഛൻ വെളിപ്പെടുത്തി.
അക്രമി സംഘത്തിലെ സണ്ണിക്ക് ഗുണ്ടാ സംഘങ്ങളുമായി ബന്ധമുളളതായാണ് വിവരം. ആറ് മാസം മുൻപാണ് ഇയാൾ ജയിൽ മോചിതനായത്. 12 വർഷം മുൻപ് വീടുവിട്ട് ഇറങ്ങിയ സണ്ണിക്ക് സുന്ദർ ഭാട്ടി ഗാങ്ങുമായി ബന്ധമുള്ളതായും കണ്ടെത്തിയിട്ടുണ്ട്. കുരാരയിലാണ് ഇയാൾ താമസിച്ചിരുന്നത്. എന്നാൽ ക്രിമിനൽ സംഘങ്ങളുമായി ബന്ധം ആരംഭിച്ചതോടെ ഇയാൾ വീട്ടിലേക്ക് വരാതായി.
സണ്ണി എങ്ങനെയാണ് ഗുണ്ടകളുമായി കൂട്ടുകൂടിയത് എന്ന് തനിക്ക് അറിയില്ലെന്നാണ് സഹോദരൻ പിന്റു സിംഗ് പറയുന്നത്. വെടിവെപ്പുമായി ബന്ധപ്പെട്ട് തനിക്കും കുടുംബത്തിനും ഒന്നും അറിയില്ലെന്നും പിന്റു വ്യക്തമാക്കി.
കേസിൽ മറ്റൊരു പ്രതിയായ അരുൺ മൗര്യയ്ക്കെതിരെ മൂന്ന് കൊലക്കേസുകളുണ്ട്. ജിആർപി കോൺസ്റ്റബിളിനെ കൊലപ്പെടുത്തിയ കേസിൽ ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇയാളുടെ മാതാപിതാക്കൾ ഇപ്പോൾ ജീവിച്ചിരിപ്പില്ല. സഹോദരങ്ങൾ ഡൽഹിയിൽ ആക്രിക്കട നടത്തുകയാണ്. 10 വർഷം മുൻപ് ഇവർ നാടുവിട്ടതാണ്. ഇയാളെക്കുറിച്ച് ഗ്രാമവാസികൾക്ക് അധികമൊന്നും അറിയില്ല.
കൊലപാതകം, വധശ്രമം, ആയുധനിയമം ലംഘനം എന്നീ കുറ്റങ്ങളാണ് മൂന്ന് പേർക്കെതിരെയും പോലീസ് ചുമത്തിയിരിക്കുന്നത്. അന്വേഷണത്തിൽ, വെടിവെപ്പ് നടന്ന സ്ഥലത്ത് നിന്ന് തോക്കുകൾ കണ്ടെടുത്തു. അതീഖ് അഹമ്മദിന്റെ സംഘത്തെ ഇല്ലാതാക്കി സംസ്ഥാനത്ത് പേരെടുക്കാനാണ് തങ്ങൾ ആഗ്രഹിച്ചതെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞതായി എഫ്‌ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പോലീസിന്റെ ദ്രുതഗതിയിലുള്ള നടപടികൾ കാരണം അവർക്ക് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാനായില്ല.
Discussion about this post