ലക്‌നൗ: കൊടുംകുറ്റവാളിയും രാഷ്ട്രീയ നേതാവുമായ അതീഖ് അഹമ്മദിന്റെ കൊലപാതകത്തിന് പിന്നിൽ ക്വട്ടേഷൻ സംഘമെന്ന് സൂചന. പ്രതികളിൽ ഒരാളായ സണ്ണിയ്ക്ക് ക്വാട്ടേഷൻ തലവൻ സുന്ദർ ഭാട്ടിയുടെ ഗ്യാംഗുമായി ബന്ധമുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തൽ. അതീഖ് അഹമ്മദിന്റെ സംഘവുമായി ഭാട്ടിയ്ക്കും സംഘത്തിനും ചില പ്രശ്‌നങ്ങൾ നിലനിന്നിരുന്നുവെന്നാണ് ഇപ്പോൾ പോലീസ് സംശയിക്കുന്നത്.
തുർക്കിയിൽ നിന്നുള്ള സെമി ഓട്ടോമാറ്റിക് പിസ്റ്റൽ ഉപയോഗിച്ചാണ് അതീഖ് അഹമ്മദിനെയും സഹോദരനെയും പ്രതികൾ കൊലപ്പെടുത്തിയിരിക്കുന്നത്. സാധാരണക്കാരായ പ്രതികൾക്ക് എവിടെ നിന്നുമാണ് വിദേശ നിർമ്മിത തോക്ക് ലഭിച്ചത് എന്നകാര്യത്തിൽ പോലീസിന് തുടക്കം മുതലേ സംശയം ഉണ്ടായിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണമാണ് ഭാട്ടിയുടെ ഗ്യാംഗിലേക്ക് അന്വേഷണത്തെ അടുപ്പിച്ചത്.
സ്ഥിരം ലഹരി ഉപയോഗിക്കാറുള്ള സണ്ണിയെ മാസങ്ങൾക്ക് മുൻപ് പോലീസ് അറസ്റ്റ് ചെയ്ത് ഹമിർപൂർ ജയിലിൽ അടച്ചിരുന്നു. ഇതേസമയം മോഷണക്കേസിൽ അറസ്റ്റിലായ ഭാട്ടിയും ഇതേ ജയിലിൽ ഉണ്ടായിരുന്നു. ഇവിടെവച്ചാണ് ഇരുവരും കണ്ടതെന്നാണ് പോലീസിന്റെ നിഗമനം. തുടർന്ന് സണ്ണിയേയും സംഘത്തിൽ ചേർത്തുകയായിരുന്നു. സണ്ണി വഴി മറ്റ് രണ്ട് പേരും ഈ ഗ്യാംഗിലെത്തി.
കൊടും കുറ്റവാളിയായ ഭാട്ടിയുടെ പക്കൽ എ.കെ 47 ഉൾപ്പെടെയുളള വൻ ആയുധ ശേഖരം ഉണ്ട്. പിസ്റ്റൽ ഉപയോഗിക്കാൻ സണ്ണിയ്ക്കും മറ്റ് പ്രതികൾക്കും ഇവിടെ നിന്നാണ് പരിശീലനം ലഭിച്ചതെന്നും അന്വേഷണ സംഘം കരുതുന്നു. സണ്ണിയ്ക്ക് ഭാട്ടി ഗ്യാംഗുമായുള്ള ബന്ധം സ്ഥിരീകരിക്കുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post