ഹൈദരാബാദ്: നാനി നായകനായ പുതിയ ചിത്രം ദസറയെ പ്രകീർത്തിച്ച് നടൻ അല്ലു അർജ്ജുൻ. മികച്ച സിനിമയാണ് ദസറയെന്ന് അല്ലു അർജ്ജുൻ പ്രതികരിച്ചു. സിനിമ കണ്ടതിന് പിന്നാലെ ട്വിറ്ററിലൂടെയായിരുന്നു താരം സിനിമയെ പ്രകീർത്തിച്ച് രംഗത്ത് എത്തിയത്. നാനിയുടെ അഭിനയ മികവിനെയും അദ്ദേഹം പ്രകീർത്തിച്ചു.
ദസറ ടീമിന് അഭിനന്ദനങ്ങൾ. ദസറ മികച്ച ചിത്രമാണ്. താൻ സഹോദരതുല്യനായി കാണുന്ന നാനിയുടെ അഭിനയ മികവ് പറഞ്ഞറിയിക്കാൻ കഴിയില്ല. കീർത്തി സുരേഷിന്റെയും മറ്റ് താരങ്ങളുടെയും അഭിനയവും പ്രശംസനീയമാണ്. സന്തോഷിന്റെ പാട്ടുകളും പശ്ചാത്തല സംഗീതവും അപാരം. സത്യന്റെ ക്യാമറയും പ്രശംസനീയമാണ്.
കപ്പിത്താൻ ശ്രീകാന്ത് വലിയ സംഭാവനയാണ് സിനിമാ മേഖലയ്ക്ക് നൽകിയത്. അദ്ദേഹത്തിന്റെ കഴിവ് മുഴുവനായി സിനിമയിൽ പ്രകടമാണ്. നിർമ്മാതാക്കൾക്കും സിനിമയുടെ ഭാഗമായി പ്രവർത്തിച്ച ഓരോരുത്തർക്കും അഭിനന്ദനങ്ങൾ. ഈ അവധികാലത്തെ ദസറയാണ് ചിത്രമെന്നും അല്ലു അർജ്ജുൻ പറഞ്ഞു.
കഴിഞ്ഞ മാസം 30 നാണ് ദസറ തിയറ്ററുകളിൽ റിലീസ് ചെയ്തത്. ആദ്യ ദിനം മുതൽ മികച്ച പ്രതികരണമായിരുന്നു സിനിമയ്ക്ക്. കേരളത്തിലുൾപ്പെടെ സിനിമ വലിയ വിജയമായി പ്രദർശനം തുടരുകയാണ്. അല്ലു അർജുന് പുറമേ മറ്റ് താരങ്ങളും സിനിമയെ പ്രശംസിച്ച് രംഗത്ത് വന്നിരുന്നു.
Discussion about this post