കോഴിക്കോട്; സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ കൂറ്റനാട് അപ്പം പരാമർശത്തെ ചുറ്റി പറ്റി ചർച്ച കൈവിടാതെ സിപിഎം നേതാക്കൾ. വന്ദേഭാരത് ട്രെയിനിൽ പോയാൽ അപ്പം കോടാവും എന്ന് മാഷ് പറഞ്ഞത് വളരെ ശരിയാണ്, വസ്തുതയാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തിലെ വളവുകൾ നിവർത്തിയാൽ വന്ദേഭാരത് ട്രെയിൻ ഓടുന്നതിനേക്കാൾ വേഗത്തിൽ സിൽവർലൈനിൽ എത്താൻ സാധിക്കുമെന്ന് മന്ത്രി അവകാശപ്പെട്ടു.
ഇതോടെ ഗോവിന്ദൻ മാഷ് പറഞ്ഞത് പോലെ കുടുംബശ്രീയിലുൾപ്പെട്ടവർക്ക് ഒരറ്റത്തുനിന്ന് മറ്റൊരു അറ്റത്തേക്ക് അപ്പം കൊണ്ടുപോയി വിറ്റ് തിരിച്ച് പെട്ടെന്ന് തന്നെ എത്താൻ പറ്റുന്ന സാഹചര്യമുണ്ടാകും. വന്ദേഭാരത് ട്രെയിനിൽ പോയാൽ അപ്പം കേടാവും എന്ന് മാഷ് പറഞ്ഞത് വളരെ ശരിയാണ്, വസ്തുതയാണ് എന്നാണ് മന്ത്രിയുടെ പരാമർശം.
മറ്റ് സംസ്ഥാനങ്ങൾക്ക് നൽകുന്നത് പോലെ കേരളത്തിന് ട്രെയിനുകൾ നൽകുന്നില്ല. കേന്ദ്രത്തിൽ ബി.ജെ.പി. അധികാരത്തിൽ വന്നതിന് ശേഷം ആദ്യമായി ട്രെയിൻ വരുന്നത് കൊണ്ടാണ് കേരളത്തിലെ ബി.ജെ.പിക്ക് അത് ആഘോഷമായി തോന്നുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.












