മുംബൈ: കാസ്റ്റിംഗ് കാളിന്റെ മറവിൽ പെൺവാണിഭ റാക്കറ്റ് നടത്തി വന്നിരുന്ന പ്രമുഖ നടിയും കാസ്റ്റിംഗ് ഡയറക്റ്ററുമായ ആരതി മിത്തലിനെയും സംഘത്തെയും മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. ഇടപാടുകാർ എന്ന വ്യാജേന എത്തിയ പോലീസുകാരാണ് സംഘത്തെ പിടികൂടിയത്. രണ്ട് മോഡലുകളെയും പെൺവാണിഭ സംഘത്തിന്റെ പിടിയിൽ നിന്നും പോലീസ് മോചിപ്പിച്ചു. മോചിപ്പിച്ച പെൺകുട്ടികളെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി.
പരിശോധനകളുടെയും അറസ്റ്റിന്റെയും ഉൾപ്പെടെ വീഡിയോ ദൃശ്യങ്ങളും പോലീസ് പകർത്തിയിട്ടുണ്ട്. ഓഷിവാരയിലെ ആരാധന അപ്പാർട്ട്മെന്റിലായിരുന്നു 27 വയസുകാരിയായ ആരതി മിത്തൽ താമസിച്ചിരുന്നത്. സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് പറഞ്ഞ് മോഡലുകളെ പാട്ടിലാക്കിയ ശേഷം, വൻ തുകകൾ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുകയായിരുന്നു ഇവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു.
കാസ്റ്റിംഗ് കാളിന്റെ മറവിൽ നടക്കുന്ന പെൺവാണിഭത്തെ കുറിച്ച് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പോലീസ് പരിശോധന. ഇടപാടുകാർ എന്ന വ്യാജേന ബന്ധപ്പെട്ട പോലീസുകാർക്ക് ആരതി രണ്ട് പെൺകുട്ടികളുടെ ചിത്രങ്ങൾ അയച്ചു നൽകി. തുടർന്ന്, ഹോട്ടലിൽ മുറി എടുത്ത പോലീസുകാർ, പെൺകുട്ടികളെ എത്തിച്ചു നൽകാൻ ആവശ്യപ്പെടുകയായിരുന്നു.
പെൺകുട്ടികളുമായി ആരതി നേരിട്ട് എത്തിയതോടെ, പോലീസ് ഇവരെ കൈയ്യോടെ പിടികൂടുകയായിരുന്നു. ആരതി തങ്ങൾക്ക് 15,000 രൂപ വീതം നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നതായി പെൺകുട്ടികൾ പോലീസിനോട് പറഞ്ഞു. തുടർന്ന് ആരതി മിത്തലുമായി ബന്ധമുള്ള കേന്ദ്രങ്ങളിൽ പോലീസ് പരിശോധന നടത്തുകയായിരുന്നു.
‘അപ്നാപൻ‘ എന്ന ടിവി ഷോയിലൂടെ ശ്രദ്ധേയയായ ആരതി മിത്തൽ, നടൻ മാധവന്റെ സിനിമയുടെ ഭാഗമാകാൻ പോകുന്നുവെന്ന് വാർത്തകൾ വന്നിരുന്നു. ഇവർക്കെതിരെ മനുഷ്യക്കടത്ത് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
Discussion about this post