വാഷിംഗ്ടൺ: സ്റ്റോക്ക്ടൺ, സാക്രമെന്റോ എന്നിവിടങ്ങളിലെ ഗുരുദ്വാരകളിൽ നടന്ന വെടിവയ്പ്പുമായി ബന്ധപ്പെട്ട് 17 പേരെ കാലിഫോർണിയ പോലീസ് അറസ്റ്റ് ചെയ്തു. വെടിവയ്പ്പുമായി ബന്ധപ്പെട്ട് 20ലധികം സ്ഥലങ്ങളിലാണ് പോലീസ് റെയ്ഡ് നടത്തിയത്. പരിശോധനയിൽ എകെ 47, മെഷീൻ ഗൺ ഉൾപ്പെടെ നിരവധി മാരകായുധങ്ങൾ പിടിച്ചെടുത്തതായി സ്റ്റേറ്റ് അറ്റോർണി ജനറൽ പറഞ്ഞു. പിന്നാലെയാണ് 17ലധികം പേരെ അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായവരിൽ രണ്ട് പേർ ഇന്ത്യയിൽ കൊലപാതക കേസുകളിൽ പ്രതികളായവരും, പോലീസ് സംഘം തിരയുന്നവരാണെന്നും സ്റ്റേറ്റ് അറ്റോർണി ജനറൽ വ്യക്തമാക്കി. സട്ടർ, സാക്രമെന്റോ, സാൻ ജോക്വിൻ, സോളാനോ, യോലോ, മെഴ്സ്ഡ് എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്ത കൊലപാതകം-വെടിവയ്പ് കേസുകളിൽ ഇവർ പ്രതികളാണ്. എല്ലാവരും കൊടുംക്രിമിനലുകളും നിരവധി കൊലപാതക കേസുകളിൽ പ്രതികളുമാണെന്ന് അദ്ദേഹം കൂട്ടി്‌ച്ചേർത്തു.
കഴിഞ്ഞ ഓഗസ്റ്റ് 27ന് സ്റ്റോക്ക്ടണിലെ സിഖ് ദേവാലയത്തിൽ നടന്ന കൂട്ട വെടിവയ്പ്പിലും ഇക്കഴിഞ്ഞ മാർച്ച് 23ന് സാക്രമെന്റോ സിഖ് ദേവാലയത്തിൽ നടന്ന വെടിവയ്പ്പിലും അറസ്റ്റിലായവർക്ക് പങ്കുള്ളതായി തെളിവുകൾ ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.
Discussion about this post