ഇസ്ലാമാബാദ്: ഭീകരാക്രമണങ്ങൾ തടയുന്നതിന്റെ ഭാഗമായി ചൈനീസ് പൗരന്മാർ നടത്തുന്നതും അവരുമായി ബന്ധമുള്ളതുമായ സ്ഥാപനങ്ങൾ അടച്ചുപൂട്ടാനുള്ള ശ്രമങ്ങളുമായി കറാച്ചി പോലീസ്. പാകിസ്താനിലെ സുരക്ഷാ സാഹചര്യം മോശമായതിന് പിന്നാലെ ചൈനീസ് പൗരന്മാരോട് ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചിരുന്നു. മാത്രമല്ല ഇസ്ലാമിബാദിലെ ചൈനീസ് എംബസിയുടെ കോൺസുലർ വിഭാഗം ചൈന താത്കാലികമായി അടച്ചിരുന്നു. ഈ നീക്കം നടന്ന് ഒരു മാസത്തിന് ശേഷമാണ് പുതിയ സംഭവവികാസങ്ങൾ ഉണ്ടായതെന്ന് പാകിസ്താനിലെ ചൈനീസ് എംബസി അറിയിച്ചു.
തങ്ങളുടെ പൗരന്മാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്ന് പല തവണ അഭ്യർത്ഥിച്ചിട്ടും മുന്നറിയിപ്പുകൾ നൽകിയിട്ടും പാകിസ്താൻ അധികാരികളുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് ചൈന ആരോപിച്ചിരുന്നു. പാകിസ്താനിലെ വിവിധ തീവ്രവാദ സംഘടനകൾ ചൈനീസ് പൗരന്മാരേയും ചൈനയുമായി ബന്ധപ്പെട്ട് കിടക്കുന്ന പദ്ധതികൾക്ക് നേരെയും ആക്രമണം അഴിച്ചുവിടുന്നത് പതിവായിരുന്നു. വാണിജ്യ പദ്ധതികൾ, ഖനന പ്രവർത്തനങ്ങൾ, സാമ്പത്തിക നിക്ഷേപങ്ങൾ എന്നിവയുടെ മറവിൽ ചൈന തങ്ങളുടെ ഭൂമി കയ്യേറുകയാണെന്ന് പാകിസ്താനിൽ പരക്കെ ആക്ഷേപം ഉണ്ട്.
രാജ്യത്ത് വർദ്ധിച്ച് വരുന്ന ചൈനാ വിരുദ്ധ വികാരം ഇല്ലാതാക്കാൻ സർക്കാരിനോ ഉദ്യോഗസ്ഥർക്കോ സാധിച്ചിട്ടില്ല. സഹായിക്കുകയാണെന്ന മട്ടിൽ ചൈന തങ്ങളെ ഉപദ്രവിക്കുകയാണെന്നാണ് വലിയൊരു വിഭാഗവും വിശ്വസിക്കുന്നത്. ഇതിന്റെ പേരിലുണ്ടാകുന്ന ആക്രമണങ്ങളെ തുടർന്ന് ചൈനീസ് വിദേശകാര്യ മന്ത്രി ക്വിൻ ഗാങ് പാക് വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ സർദാരിയോട് നേരിട്ട് അതൃപ്തി അറിയിച്ചിരുന്നു. ആക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന രഹസ്യാന്വേഷണ മുന്നറിയിപ്പിനെത്തുടർന്ന് കഴിഞ്ഞ മാസവും കറാച്ചി പോലീസ് ചില ചൈനീസ് ബിസിനസ് സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ നിർദ്ദേശിച്ചിരുന്നു.
2022 ഏപ്രിലിൽ കറാച്ചി സർവകലാശാലയിലെ കൺഫ്യൂഷ്യസ് ഇൻസ്റ്റിറ്റ്യൂട്ടിന് സമീപം നടന്ന ചാവേർ ബോംബാക്രമണത്തിൽ മൂന്ന് ചൈനീസ് അധ്യാപകരും ഒരു പാക് സ്വദേശിയും കൊല്ലപ്പെട്ടിരുന്നു. 2020ലും 2018ലും ചൈനീസ് കോൺസുലേറ്റുകൾക്ക് നേരെയും ആക്രമണം ഉണ്ടായിരുന്നു. ഈ മൂന്ന് സംഭവങ്ങളുടേയും ഉത്തരവാദിത്തം ബലൂച് ലിബറേഷൻ ആർമി ഏറ്റെടുത്തിരുന്നു. അതേസമയം ചൈനയ്ക്ക് വലിയൊരു തുക ലോൺ തിരിച്ചടക്കേണ്ട സാഹചര്യത്തിൽ പാകിസ്താന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്ന സമ്മർദ്ദതന്ത്രമാണിതെന്ന വിലയിരുത്തലും ഉണ്ട്.
Discussion about this post