ജറുസലേം: ഇന്ത്യയെ സുഹൃത്തെന്ന് വിശേഷിപ്പിച്ച് ഇസ്രായേൽ. ഇന്ത്യ തങ്ങളുടെ സുഹൃത്താണെന്നും ഇന്ത്യയെ പരിപൂർണമായി വിശ്വസിക്കുന്നുവെന്നും ഇസ്രയേൽ സാമ്പത്തിക വ്യവസായമന്ത്രി നിർ ബർകത്ത് പറഞ്ഞു. ഭീകരതയ്‌ക്കെതിരെ പോരാടുന്നതിനുള്ള വിവരങ്ങളും സാങ്കേതികവിദ്യകളും ഇന്ത്യയുമായി പങ്കുവയ്ക്കാൻ തയ്യാറാണെന്ന് മന്ത്രി വ്യക്തമാക്കി.
ഇന്ത്യയുടേതിന് സമാനമായ സുരക്ഷാ-സാമ്പത്തിക വെല്ലുവിളികൾ ഇസ്രായേലിന് ഉണ്ടെന്നും അതിനാലാണ് സ്വതന്ത്ര വ്യാപാര കരാർ ഇരു രാജ്യങ്ങളും ഗൗരവമായി പരിഗണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള വ്യാപാരം ഇരട്ടിയാക്കാൻ കഴിയുമെന്ന് പ്രതീക്ഷയുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇസ്രയേലിന് ഇന്ത്യ വളരെ പ്രധാനപ്പെട്ടതാണെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ 2000 വർഷമായി ഇന്ത്യ ജൂതന്മാരെ സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.












