ഹൈദരാബാദ്: ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യൻസിന് വിജയം. 14 റൺസിനാണ് മുംബൈ ഹൈദരാബാദിനെ പരാജയപ്പെടുത്തിയത്. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഹൈദരാബാദിനെതിരെ മുംബൈ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 192 റൺസ് എടുത്തു. മറുപടി ബാറ്റിംഗിൽ ഹൈദരാബാദിന്റെ പോരാട്ടം 19.5 ഓവറിൽ 178 റൺസിൽ അവസാനിച്ചു.
കാമറൂൺ ഗ്രീനിന്റെ തകർപ്പൻ അർദ്ധ സെഞ്ച്വറിയാണ് മുംബൈക്ക് മികച്ച സ്കോർ സമ്മാനിച്ചത്. ഗ്രീൻ 40 പന്തിൽ 62 റൺസ് നേടി. ഓപ്പണർ ഇഷാൻ കിഷൻ 38 റൺസും തിലക് വർമ 17 പന്തിൽ 37 റൺസും നേടി. ഹൈദരാബാദിന് വേണ്ടി മാർകോ ജാൻസൻ 2 വിക്കറ്റ് വീഴ്ത്തി.
48 റൺസെടുത്ത ഓപ്പണർ മായങ്ക് അഗർവാളാണ് ഹൈദരാബാദിന്റെ ടോപ് സ്കോറർ. വിക്കറ്റ് കീപ്പർ ഹെൻറിക് ക്ലാസൻ 16 പന്തിൽ 36 റൺസ് നേടി. മുംബൈക്ക് വേണ്ടി റിലീ മെറെഡിത്ത്, ജാസൻ ബെറെൻഡോർഫ്, പിയൂഷ് ചൗള എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി.
ഹൈദരാബാദ് ഇന്നിംഗ്സിലെ പത്തൊൻപതാമത്തെ ഓവർ പന്തെറിഞ്ഞ കാമറൂൺ ഗ്രീനും അവസാന ഓവർ പന്തെറിഞ്ഞ അർജുൻ ടെണ്ടുൽക്കറും മികച്ച കൈയ്യടക്കം കാണിച്ചതോടെയാണ് മുംബൈക്ക് അനായാസ ജയം നേടാൻ സാധിച്ചത്. ഇരുവരും ഓരോ വിക്കറ്റ് വീഴ്ത്തി.
2.5 ഓവറിൽ 18 റൺസ് വിട്ടുകൊടുത്താണ് അർജുൻ ടെണ്ടുൽക്കർ തന്റെ ആദ്യ ഐപിഎൽ വിക്കറ്റ് സ്വന്തമാക്കിയത്. ഹൈദരാബാദ് ഇന്നിംഗ്സിൽ വീണ അവസാന വിക്കറ്റായി അർജുൻ, ഭുവനേശ്വർ കുമാറിനെ ക്യാപ്ടൻ രോഹിത് ശർമ്മയുടെ കൈകളിൽ എത്തിക്കുകയായിരുന്നു. ഈ പന്തിലാണ് മുംബൈയുടെ വിജയം കുറിക്കപ്പെട്ടത്.
Discussion about this post