രാമനഗര: കർണാടക കോൺഗ്രസ് അദ്ധ്യക്ഷൻ ഡി കെ ശിവകുമാറിന്റെ സ്വത്തുവിവരങ്ങൾ പുറത്ത്. 2018ന് ശേഷം തന്റെ ആസ്തിയിൽ 68 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായതെന്ന് നിയമസഭാ തിരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിക്കവെ നൽകിയ സത്യവാങ്മൂലത്തിൽ ശിവകുമാർ വ്യക്തമാക്കി.
ശിവകുമാറിനും കുടുംബാംഗങ്ങൾക്കുമായി ആകെ ഉള്ളത് 1414 കോടി രൂപ വിലമതിക്കുന്ന വസ്തുവകകളാണ്. 2013ൽ 251 കോടിയും 2018ൽ 840 കോടിയുമായിരുന്നു ശിവകുമാറിന്റെ ആസ്തി.
12 ബാങ്ക് അക്കൗണ്ടുകളാണ് ശിവകുമാറിന്റെ പേരിലുള്ളത്. ഇവയിൽ ചിലത് സഹോദരൻ ഡി കെ സുരേഷ് കൂടി ഉൾപ്പെട്ട ജോയിന്റ് അക്കൗണ്ടുകൾ ആണ്. ഡി കെ ശിവകുമാർ നിലവിൽ കൈയാളുന്ന സ്വത്തുവകകളുടെ ആകെ മൂല്യം 1414 കോടി രൂപയാണ്. അദ്ദേഹത്തിന്റെ കടബാദ്ധ്യത 225 കോടി രൂപയാണെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
970 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കളാണ് ശിവകുമാറിന്റെ പേരിലുള്ളത്. ഭാര്യ ഉഷയുടെ പേരിൽ 113.38 കോടിയുടെയും മകൻ ആകാശിന്റെ പേരിൽ 54.33 കോടി രൂപയുടെയും സ്ഥാവര സ്വത്തുക്കളുണ്ട്. ശിവകുമാറിന്റെ വാർഷിക വരുമാനം 14.24 കോടി രൂപയാണെന്നും ഭാര്യയുടേത് 1.9 കോടി രൂപയാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
Discussion about this post