കേരളത്തിലെ അന്യം നിന്നുകൊണ്ടിരിക്കുന്ന അനേകം കാവുകളിൽ ഒന്നാണ് കൊടുങ്ങല്ലൂര്‍- ഗുരുവായൂര്‍ റൂട്ടില്‍ ശ്രീനാരായണപുരത്തെ ശംഖുകുളങ്ങരക്കാവ് . നൂറ്റാണ്ടുകൾക്ക് മുൻപ് ടിപ്പുവിന്റെ പടയോട്ടക്കാലത്ത് നശിപ്പിക്കപ്പെട്ട അനേകം ക്ഷേത്രങ്ങളിലെ തകർന്ന ആരാധനാ വിഗ്രഹങ്ങൾ കൊണ്ട് വന്നു വച്ച് പ്രതിഷ്ഠിച്ച ഇടമാണ് ഈ ക്ഷേത്രം. ഇവിടെ ഭദ്രകാളിയും,രാജരാജേശ്വരിയും ശാസ്താവും ഒരേ ശ്രീകോവിലിൽ തന്നെ കുടികൊള്ളുന്നു.
ഒരു ഏക്കര്‍ 60 സെന്റ് സ്ഥലത്തായി വ്യാപിച്ചു കിടക്കുന്ന ഈ കാവ് വിസ്തൃതിയിലും , ജൈവ ജൈവവൈവിധ്യത്തിലും ഏറെ മുന്നിലാണ്. നൂറ്റാണ്ടുകള്‍ പഴക്കമുളള കരിമരവും, കരിങ്ങോട്ടയും അപൂര്‍വ്വ സസ്യങ്ങളും, അരയാലും,പേരാലും, അത്തിയും, ഇത്തിയും, ഞാവലും അടക്കം ഔഷധ സസ്യങ്ങളുംധാരാളമായി ഈ കാവിലുണ്ട്.
മതില്കെട്ടുകളോ നാലമ്പലമോ ഇല്ലാത്ത ഈ ക്ഷേത്രത്തിൽ ഗണപതി ശിവൻ നടരാജൻ തുടങ്ങിയവയുടെ ചുവർ ചിത്രങ്ങളും കാണാനാകും. ശ്രീകോവിലിനുള്ളിൽ പഞ്ചലോഹ വിഗ്രഹ രൂപത്തിൽ ഭദ്രകാളി, രാജരാജേശ്വരി, ശാസ്താവ് എന്നിവർ നിലകൊള്ളുന്നു. മൂവർക്കും ഒരുമിച്ചാണ് പൂജകൾ ചെയ്യുന്നത്.
ക്ഷേത്രത്തിലെ പ്രതിഷ്ടാദിനം തൃക്കാർത്തിക ദിനത്തിന്റെ അന്നാണ്.അന്നേ ദിനം തീയാട്ട് എന്ന അത്യപൂർവ ആചാരവും ക്ഷേത്രത്തിൽ നടക്കുന്നു. പ്രധാനമായും രണ്ട് ഉപ പ്രതിഷ്ഠകളാണ് ക്ഷേത്രത്തിൽ ഉള്ളത്.വേട്ടക്കൊരുമകൻ സങ്കൽപം ,നാഗയക്ഷിയുടെ പ്രതിഷ്ഠ എന്നിവയാണവ. സർവ്വാഭീഷ്ട വരദായിനിയായ ദേവിമാരും ശാസ്താവും ചേർന്ന് ഈ കരയെ കാക്കുന്നു എന്ന വിശ്വാസത്തിലാണ് ശ്രീനാരായണപുരത്തുകാർ എന്നും ഇവിടെയെത്തുന്നതും നിറഞ്ഞ മനസോടെ പ്രാർത്ഥിച്ചു മടങ്ങുന്നതും
Discussion about this post