ജയ്‌പൂർ : രാജസ്ഥാൻ റോയൽസിനെ പത്ത് റൺസിന് തോൽപ്പിച്ച് ലഖ്നൗ സൂപ്പർ ജയന്റ്സ്. ആവേശകരമായ മത്സരത്തിൽ ലഖ്നൗ ഉയർത്തിയ 155 വിജയ ലക്ഷ്യം മറികടക്കാനാകാതെ റോയൽസ് കാലിടറി വീഴുകയായിരുന്നു. കണിശതയോടെ പന്തെറിഞ്ഞ സൂപ്പർ ജയന്റ്സ് ബൗളർമാരുടെ ഉശിരൻ പ്രകടനമാണ് റോയൽസിനെ തകർത്തത്.
ആദ്യം ബാറ്റ് ചെയ്ത ജയന്റ്സ് കെയ്‌ൽ മെയേഴ്സിന്റെയും കെ.എൽ രാഹുലിന്റെയും 82 റൺസിന്റെ ഓപ്പണിംഗ് കൂട്ടുകെട്ടിന്റെ ബലത്തിലാണ് മുന്നോട്ട് കുതിച്ചത്. എന്നാൽ തുടരെ തുടരെ വിക്കറ്റുകൾ വീണത് ജയന്റ്സിനെ സമ്മർദ്ദത്തിലാക്കി. അവസാന ഓവറുകളിൽ നിക്കോളാസ് പൂരനും മാർകസ് സ്റ്റോയിനിസും പരമാവധി ശ്രമിച്ചെങ്കിലും സ്കോർ 150 കടത്താൻ മാത്രമേ കഴിഞ്ഞുള്ളൂ. 20 ഓവറിൽ 7 വിക്കറ്റിന് 154 റൺസാണ് ജയന്റ്സ് നേടിയത്.
രാജസ്ഥാന്റെ തുടക്കവും മോശമായില്ല. ഓപ്പണിംഗ് സഖ്യം സ്കോർ ബോർഡിൽ 87 റൺസ് കൂട്ടിച്ചേർത്താണ് പിരിഞ്ഞത്. മൂന്നാമനായി ഇറങ്ങിയ സഞ്ജു സാംസൺ 2 റൺസെടുത്ത് റണ്ണൗട്ടിലൂടെ പുറത്തായി രാജസ്ഥാൻ റോയൽസിനെ ഈ പുറത്താകൽ കാര്യമായി ബാധിച്ചു. കഴിഞ്ഞ മത്സരത്തിലെ ഹീറോ സിമ്രോൺ ഹെറ്റ്‌മെയർ 2 റൺസ് നേടി പുറത്തായതും റോയൽസിനെ ബാധിച്ചു. ദേവദത്ത് പടിക്കലും റിയാൻ പരാഗും അവസാന ഓവറുകളിൽ വിജയം നേടാൻ ആഞ്ഞടിച്ചെങ്കിലും ലക്ഷ്യത്തിലെത്താൻ കഴിഞ്ഞില്ല. ജയ്സ്‌വാൾ 44 ഉം ബട്‌ലർ 40 ഉം റൺസെടുത്തു.
ഉജ്ജ്വല ഫോമിൽ പന്തെറിഞ്ഞ ജയന്റ്സിന്റെ ബൗളർമാരാണ് റോയൽസിനെ തകർത്തത്. അവസാന ഓവറിൽ രണ്ട് വിക്കറ്റെടുത്ത ആവേശ് ഖാൻ ജയന്റ്സിന്റെ വിജയത്തിൽ നിർണായക പങ്കു വഹിച്ചു. നാല് ഓവറിൽ വെറും 19 റൺസ് മാത്രം നൽകിയ നവീൻ ഉൽ ഹഖാണ് റോയൽസിനെ പിടിച്ച് കെട്ടിയത്.
Discussion about this post